കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പുതുവത്സരാഘോഷത്തില്‍ ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. നിലവില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചതെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ വ്യക്തമാക്കി.
ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമൈക്രോണ്‍ ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ന്യൂഇയര്‍ ആഘോഷത്തില്‍ ആള്‍ക്കൂട്ടത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
റെസ്റ്റോറന്റുകള്‍, പബുകള്‍, തിയറ്ററുകള്‍, സ്‌കൂളുകള്‍ കോളജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ന്യൂഇയര്‍ ആഘോഷത്തിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. രാത്രി ഒരുമണി വരെ മാത്രമാണ് ആഘോഷത്തിന് അനുമതിയുള്ളത്. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യപ്രശ്‌നം ഉള്ളവര്‍ എന്നിവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് നിൽക്കണം.
അടഞ്ഞുകിടക്കുന്ന മുറികളില്‍ നടത്തുന്ന പരിപാടികളില്‍ സീറ്റിങ് കപാസിറ്റിയേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുത്. മാസക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു