കണ്ണൂര്‍:ട്രെയിന്‍ തട്ടിയാണ് ഫൈസലിന്റെ വാപ്പ മരിക്കുന്നത്. അതുസംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് ട്രെയിനില്‍ നിന്നും പിടിവിട്ട് ട്രാക്കിലേക്ക് വീഴുന്നത്. ആ അപകടത്തില്‍ ഫൈസലിന് രണ്ടുകാലുകളും നഷ്ടമായി. മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റപ്പെട്ട കാലുകളും തകര്‍ന്ന ജീവിതവും നോക്കി കരയുവാനല്ലാതെ ഈ യുവാവിന് മറ്റുമാര്‍ഗങ്ങളില്ല. ചെറിയ മക്കളുണ്ട് ഭാര്യയുമുണ്ട് അവര്‍ക്കായി ഒന്നും കരുതിയിട്ടില്ല. ഒരു വീട് പോലുമില്ലാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാടക എങ്ങനെ കൊടുക്കുമെന്ന് പോലും അറിയാത്ത സ്ഥിയിലും.
നിറകണ്ണുകളോടെ ഈ മനുഷ്യന്‍ സംസാരിക്കുന്നത് കനിവിന്റെ കരുണതേടിയാണ്.ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഫൈസലിന്റെ ജീവിതം ചര്‍ച്ചയാവുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവാവിനെ സഹായിക്കാന്‍ കരുണയുള്ളവരുടെ കനിവ് തേടുകയാണ് ഫിറോസ്.സ്വപ്നങ്ങളുമായി കടല്‍ കടന്ന പ്രവാസി കൂടിയായിരുന്നു ഫൈസല്‍. തിരികെ നാട്ടിലെത്തിയപ്പോഴാണ് വിധി കരുതിവച്ച അപകടത്തിലേക്ക് ഇയാള്‍ പിടിവിട്ട് വീഴുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മാത്രമാണ് ഈ യുവാവിന് ബാക്കിയുള്ളത്. കൃത്രിമ കാല്‍ വയ്ക്കാനുള്ള അവസ്ഥയിലാണോ താനെന്ന് പോലും അറിയാതെ വിധിക്ക് മുന്നില്‍ വിതുമ്പി നില്‍ക്കുയാണ് ഈ യുവാവ്.