നീസ്: ഫ്രഞ്ച് ദേശീയദിനാഘോഷം ചോരക്കളമാക്കിയ കൊലയാളി മുഹമ്മദ് ലഹൂജി ബോലെല്‍ അക്രമം നടത്തുന്നതിനുമുന്‍പ് റിഹേഴ്‌സല്‍ നടത്തിയതിന്റെ വീഡിയോ ദൃശ്യം ലഭിച്ചു. രണ്ടുദിവസം മുന്‍പ് അതേ സ്ഥലത്തു ട്രക്കുമായെത്തി റിഹേഴ്‌സല്‍ നടത്തി. 84പേരുടെ ജീവനെടുത്ത കൊലയാളിയുടെ ക്രൂരത വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ആക്രമണത്തിനു തയാറെടുക്കാനെന്നവണ്ണം ചൊവ്വാഴ്ചയും ബുധനാഴ്ചയും വാടക ട്രക്കുമായി നീസ് കടല്‍ത്തീരത്തെ പ്രൊമനാദ് ദെസോംഗ്ലെയില്‍ ഇയാള്‍ എത്തിയെന്നാണു വിവരം. രണ്ടു ദിവസം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലാണ്, സ്ഥലം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടു ട്രക്ക് ഓടിക്കുന്ന ഇയാളുടെ ചിത്രം പതിഞ്ഞിട്ടുള്ളത്.
കുട്ടികളെ ഏറെനേരം തുറിച്ചുനോക്കുന്നതുള്‍പ്പെടെ ബോലെലിന്റെ വിചിത്രമായ സ്വഭാവസവിശേഷതകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആസൂത്രിത നീക്കങ്ങളുടെ വിവരങ്ങളും. ഇതിനിടെ, നീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടുപേര്‍ കൂടി പൊലീസ് പിടിയിലായി. ആകെ ആറുപേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
ബോലെലുമായി അകന്നുകഴിയുന്ന ഭാര്യ അക്രമം നടന്നതിനു തൊട്ടുപിന്നാലെ പൊലീസ് പിടിയിലായെങ്കിലും ചോദ്യംചെയ്ത ശേഷം അവരെ വിട്ടയച്ചതായാണു റിപ്പോര്‍ട്ടുകള്‍. ബോലെല്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞത് അടുത്ത കാലത്താണെന്നാണ് അധികൃതരുടെ നിഗമനം. നീസിയയിലെ ജന്മനാടായ മാസ്‌കനില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. എട്ടുമാസം മുന്‍പായിരുന്നു ഏറ്റവുമവസാനത്തെ സന്ദര്‍ശനം. 2005ലാണ് ഇയാള്‍ ഫ്രാന്‍സിലെത്തിയതെന്നും കടുത്ത മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും നാട്ടിലുള്ള സഹോദരി പറഞ്ഞു.