അബൂജ: വടക്ക്-കിഴക്കന്‍ നൈജീരിയയ്ക്കടുത്ത് മുസ്‌ളീം പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. അദമാവ മേഖലയ്ക്കടുത്ത് മുബിയിലെ മുസ്ലീം പള്ളിയിലാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ പൊട്ടിത്തെറി ഉണ്ടായത്. പ്രഭാത പ്രാര്‍ത്ഥനയ്ക്കായ് വിശ്വാസികള്‍ പള്ളിയില്‍ എത്തുമ്പോഴായിരുന്നു സ്‌ഫോടനം. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയില്‍നിന്ന് 2014ല്‍ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ കൂടാനിടയുണ്ടെന്നും വ്യക്തമാക്കി. ആഡമാവയുടെ തലസ്ഥാന നഗരമായ യോലയില്‍ നിന്ന് 200 കി.മീ. മാറിയാണ് മുബി.
നൈജീരിയയയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് മുബിയിലേത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട് സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് ബൊക്കൊ ഹറാം നടത്തിയ ആക്രമണത്തില്‍ 56 പേരായിരുന്നു കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു.
മുബിയില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ അഞ്ചരയോടെയായിരുന്നു ചാവേറാക്രമണം. പള്ളിക്കകത്തേക്കു കയറിയ ചാവേര്‍ പ്രാര്‍ഥന പകുതിസമയമായപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങളില്‍ പലതും ചിന്നിച്ചിതറിയ നിലയിലായിരുന്നു.
നാല്‍പതോളം പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പള്ളിയില്‍ ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനവും. വിവിധ ആശുപത്രികളിലേക്കു മാറ്റിയ ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. അക്രമത്തിനു പിന്നില്‍ ബൊക്കൊ ഹറാം ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ സ്വഭാവം വിരല്‍ ചൂണ്ടുന്നത് ഈ ഭീകരസംഘടനയിലേക്കു തന്നെയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഒരു വര്‍ഷത്തോളം ശാന്തമായിരുന്ന മേഖലയില്‍ ഇത്തരമൊരു ആക്രമണം നടന്നത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. 2009 മുതല്‍ ആരംഭിച്ച ബൊക്കൊ ഹറാമിന്റെ വിവിധ ആക്രമണങ്ങളില്‍ രാജ്യത്ത് ഇതുവരെ 20,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 26 ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി അഭയാര്‍ഥി ക്യാംപുകളിലേക്കു മാറി.
നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലകള്‍ കീഴടക്കി മുന്നേറുന്നതിനിടെ 2014ല്‍ മുബിയിലും ബൊക്കൊ ഹറാം അധികാരം പിടിച്ചെടുത്തിരുന്നു. ‘സിറ്റി ഓഫ് ഇസ്ലാം’ എന്നു മുബിയുടെ പേരു മാറ്റുകയും ചെയ്തു. എന്നാല്‍ പട്ടാള ഇടപെടലില്‍ വൈകാതെ തന്നെ മേഖലയില്‍നിന്ന് ഭീകരരെ തുരത്തി. ആഡമാവ സ്റ്റേറ്റ് സര്‍വകലാശാല ഉള്‍പ്പെടെ വിദ്യാഭ്യാസ കേന്ദ്രങ്ങളും നൈജീരിയയുടെ വാണിജ്യകേന്ദ്രങ്ങളിലൊന്നുമായിരുന്നു മുബി.
ആഡമാവയില്‍ നിന്ന് ഏറെ വടക്കുമാറി ബോര്‍ണോയോടു ചേര്‍ന്നുള്ള മേഖലകളിലാണ് നിലവില്‍ ബൊക്കൊ ഹറാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയാകട്ടെ തുടര്‍ച്ചയായി ചാവേര്‍ ആക്രമണങ്ങളും നടക്കുന്നു. ബോര്‍ണോയിലെ വന-പര്‍വതപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകരരുടെ പ്രവര്‍ത്തനങ്ങളിലേറെയും.