അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്ന രാംകുമാര്‍ വക്കീലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി :കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചെങ്കിലും കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്. കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ഒരു ദിവസത്തേക്ക് ജാമ്യ ഹര്‍ജി മാറ്റണമെന്നാണ് കോടതിയോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ദിലീപിനെതിരേ യാതൊരു തെളുവുമില്ലെന്നും ഗുഢാലോചനയില്ലെന്ന് ആദ്യ കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നടിയെയോ, മുന്‍ ഭാര്യ മഞ്ജുവാര്യരെയോ ദിലീപിന് സ്വാധീനിക്കാന്‍ കഴിയില്ല. അതിനാല്‍ ജാമ്യം നല്‍കുന്നതിന് തടസമില്ല. പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റിലാകുന്നതിന് മുന്‍പ് 13 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. പിന്നീട് രണ്ടു തവണയായി മൂന്ന് ദിവസത്തെ കസ്റ്റഡിയും ലഭിച്ചു. തെളിവെടുപ്പ് എല്ലാം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം
ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും നേരിട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാന രഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.നേരത്തെ നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന അംഗമാലി കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിനെതിരെയുളള കുറ്റകൃത്യങ്ങള്‍ കടുത്തതാണെന്നും അതിനെ ലഘൂകരിച്ച്‌ കാണാനാവില്ലെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുളളതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. യുവനടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകള്‍ പരിശോധിച്ച ശേഷമാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ആലുവ സബ് ജയിലില്‍ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു

Top