കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി. കണ്‍ടെയ്ന്‍മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാനും നിര്‍ദേശം.
ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപ്പിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം. ജില്ലയില്‍ കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു. പൊതുപരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമാകും. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു കൂട്ടിരിപ്പുകാരന് മാത്രമാകും ആശുപത്രികളില്‍ അനുമതി. പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നിപ്പ പ്രതിരോധത്തോടനുബന്ധിച്ച് സര്‍വ്വകക്ഷിയോഗം വെള്ളിയാഴ്ച നടക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രാവിലെ 11നാണ് യോഗം. രോഗബാധിത ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും.