തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച നിപയുടെ യഥാര്‍ഥ കണക്കുകള്‍ പുറത്ത്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 17 പേര്‍ മരിക്കുകയും 19 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം 21 പേര്‍ മരിക്കുകയും 23 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സംഘത്തിന്റേതാണ് ഗേവഷണ റിപ്പോര്‍ട്ട് .
കേരള സര്‍ക്കാരിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്സണ്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ തന്നെ കാതറിന്‍, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനേ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോര്‍ട്ടുകള്‍
നിപ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥന ആരോഗ്യവകുപ്പ് ഇതുവരെ പുറത്തുവിട്ട പ്രധാന വിവരങ്ങള്‍:
19 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 17 പേര്‍ മരിച്ചു. രണ്ടുപേര്‍ രക്ഷപെട്ടു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരിലെ ഏക ആരോഗ്യപ്രവര്‍ത്തകയാണ് ലിനി. ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത് രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ തിരിച്ചറിഞ്ഞുവെന്നതാണ്. മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്.
ഇനി ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറത്തുവരുന്ന വിവരം താഴെ പറയുന്നതാണ്
മൊത്തം 23 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 21 പേര്‍ മരിച്ചു. സിസ്റ്റര്‍ ലിനി മാത്രമല്ല നിപ ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ്. മെയ് 19ാം തീയതിയാണ് ഈ സ്റ്റാഫ് മരിക്കുന്നത്. മെയ് 20ന് ലിനി മരിക്കുന്നു. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നത്.
കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി അഞ്ച് രോഗികള്‍ നിപ ബാധിച്ച് മരിച്ചിട്ടും അത് തിരിച്ചറിയാന്‍ നമ്മുടെ സര്‍വൈലന്‍സ് സിസ്റ്റത്തിന് കഴിഞ്ഞില്ല. ആറാമത്തെ രോഗിയായ സാലിഹ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മാത്രമാണ് നിപ രോഗം തിരിച്ചറിയപ്പെടുന്നത്. നിപ ബാധിച്ച് മരിച്ച ഏക ആരോഗ്യവകുപ്പ് സ്റ്റാഫ് സിസ്റ്റര്‍ ലിനി മാത്രമാണെന്നായിരുന്നു ഇതുവരെയുള്ള വിവരം. സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്ല സഹായങ്ങള്‍ ചെയ്തു. കുടുംബത്തിന് സാമ്പത്തിക സഹായം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി എന്നിവ നല്‍കി. എന്നാല്‍ ലിനിക്ക് മുന്നേ മരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റിന്റെ കുടുംബം ഇപ്പോഴും ഇരുട്ടില്‍. അവര്‍ക്ക് ഒരു സഹായവും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല. നിപ ലിസ്റ്റില്‍ അവരുടെ പേര് ഉള്‍പ്പെടുത്തി പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യസംഘടന വരെ ലിനിയുടെ സേവനത്തെ ആദരിച്ചതാണ്.