ന്യൂഡല്‍ഹി: നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കേരളത്തിന് എല്ലാപിന്തുണയും നല്‍കുന്നുണ്ടെന്നും ജെ.പി നദ്ദ പറഞ്ഞു. എന്നാല്‍ വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുള്‍പ്പടെ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഗൗരവതരമായ സാഹചര്യം ലോകാരോഗ്യ സംഘടനയെ സര്‍ക്കാര്‍ അറിയിച്ചു, കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വൈറസ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.
അതേ സമയം നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് പഴയ സ്ഥിതിയിലായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എം പിന്തുണയാണ് നല്‍കിയിരിക്കുന്നത്. അത് പിന്നീട് പൂര്‍ണമാകും. ഇനി യു.ഡി.എഫിന്റെ കാലമാണ് വരുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഐക്യജനാധിപത്യ മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗുമായുള്ള കെ.എം മാണിയുടെ ബന്ധം യു.ഡി.എഫിലേക്കുള്ള വരവിന് സഹായമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.