ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈദ് ആണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നതില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ സ്റ്റേ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി വിധിയില്‍ പറയുന്നു. എല്ലാ പ്രതികളും കുറ്റകൃത്യം നടത്തിയവരാണ് എന്ന് നിരീക്ഷിച്ച കോടതി വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കി. പ്രതികള്‍ വധശിക്ഷ വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നും പ്രതികള്‍ ഏഴ് ദിവസത്തിനകം എല്ലാ നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമപരിഹാരം തേടാനുള്ള പ്രതികളുടെ അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് വധശിക്ഷ നടപ്പാക്കല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഡല്‍ഹി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാരും തിഹാര്‍ ജയില്‍ അധികൃതരും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിരുന്നു.
പ്രതി മുകേഷ് സിംഗിന് ഇനി നിയമപരിഹാര വഴികള്‍ ഒന്നും അവശേഷിക്കുന്നില്ല. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി ഫെബ്രുവരി ഒന്നിന് തള്ളി. ദയാഹര്‍ജി തള്ളിയാല്‍ ഡല്‍ഹി ജയില്‍ചട്ട പ്രകാരം 14 ദിവസം കൂടി പ്രതിക്ക് ലഭിക്കും. ആ സമയപരിധി കഴിഞ്ഞാല്‍ വിനയ് ശര്‍മയെ തൂക്കിലേറ്റാം. അക്ഷയ് കുമാര്‍ സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. അതില്‍ തീര്‍പ്പാകേണ്ടതുണ്ട്. പവന്‍കുമാര്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല.നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.