ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളെ ഇന്ന് വധശിക്ഷ ഉണ്ടാകില്ല.പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചു. കേസിലെ നാല് പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വധശിക്ഷ നാളെ നടപ്പിലാക്കാനാവില്ലെന്നും ദില്ലി കോടതി ജഡ്ജ് ധര്‍മേന്ദ്ര റാണ വ്യക്തമാക്കി. ശിക്ഷ നടപ്പിലാക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കോടതി ഉത്തരവ്. അക്ഷയ് താക്കൂര്‍(31) പവന്‍ ഗുപ്ത( 25), മുകേഷ് സിംഗ് (32) വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍. കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം പ്രതികള്‍ നിരന്തരം ഹര്‍ജികളുമായി കോടതിയെ സമീപിച്ച് കൊണ്ടിരിക്കുകയാണ്.ഇതോടെ മൂന്നാം തവണയാണ് ഈ കേസിൽ വധശിക്ഷ മാറ്റിവയ്ക്കുന്നത്.
നാളെ രാവിലെ ആറിന് ശിക്ഷ നടപ്പാക്കാനാണ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇതേത്തുടർന്ന് വധശിക്ഷ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ തിഹാര്‍ ജയിലില്‍ ആരംഭിച്ചിരുന്നു. ആരാച്ചാർ പവന്‍ ജല്ലാദ് പ്രതികളുടെ തൂക്കമുള്ള ഡമ്മികളെ തൂക്കിലേറ്റുകയും ചെയ്തു. ഇതിനിടയിലാണ് ശിക്ഷ സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.നേരത്തെ ജനുവരി 22, ഫെബ്രുവരി ഒന്ന്തീയതികളിൽ വധശിക്ഷ നടപ്പാക്കുന്നതിന് മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഹർജിയെ തുടർന്ന് സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. പിന്നാലെയാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയും വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തല്ളി. പ്രതികളെ പ്രത്യേകം പ്രത്യേകം തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഈ മാസം അഞ്ചിന് കേൾക്കും.
നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് പ്രതികൾ ദയാഹർജി അടക്കമുളള നീക്കങ്ങളുമായി മുന്നോട്ട് പോയതോടെയാണ് വധശിക്ഷ നീണ്ട് പോയത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ വൈകുന്നതിന് എതിരെ നിർഭയയുടെ അമ്മ ആശാ ദേവി വിമർശനവുമായി രംഗത്ത് വന്നിരുന്നു. 2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത് വെച്ച് നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഓടുന്ന ബസ്സില്‍ വെച്ച് ആറ് പേര്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കിടെ ഡിസംബര്‍ 28നാണ് സിംഗപ്പൂരില്‍ വെച്ച് മരണപ്പെട്ടത്. പ്രതികളില്‍ ഒരാളായ രാം സിംഗ് ജയിലില്‍ വെച്ച് ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
2012 ഡിസംബര്‍ 16നു രാത്രിയാണ് പ്രതികൾ നിർഭയയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. പിന്നീട് പെൺകുട്ടി മരണത്തിന് കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍.മുകേഷ് കുമാര്‍ (32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. ഇതിനിടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി പുറത്തിറങ്ങി.