നിസാമിന് ഇനി പഴയ ജീവിതം ഓര്‍ത്ത് ഇരുമ്പഴിക്കുള്ളില്‍ കഴിയാം.കോടതി വിധിച്ചത് വധശിക്ഷയേക്കാള്‍ കടുത്ത ശിക്ഷയെന്ന് നിയമ വിദഗ്ദര്‍,വിധി നടപ്പായാല്‍ മുതലാളി ജയിലില്‍ നിന്ന് പുറത്തിറങ്ങുക 79-ാം വയസില്‍.

തൃശ്ശൂർ: ഡാൻസ് ബാറുകളിൽ നിന്നും മദ്യപാനം, ഡിജെകൾക്കൊപ്പം നൃത്തം ചെയ്യും, ഫിറ്റായാൽ ആരെയെങ്കിലും തല്ലണം, അതിനായി സുഹൃത്തുക്കളെ തന്നെ തല്ലും, കെട്ടിറങ്ങിയാൽ തല്ലിന് കൂലിയായി പണം നൽകും, ആഡംബര കാറിൽ അതിവേഗം റോഡിലൂടെ ചീറിപ്പായും.. ഇങ്ങനെയൊക്കെയായിരുന്നു ചന്ദ്രബോസെന്ന സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തും മുമ്പ് മുഹമ്മദ് നിസാം ജീവിച്ചത്. ജീവിതം അടിപൊളിയാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത വ്യക്തിത്വമായിരുന്നു നിസാമിന്റേത്. എന്നാൽ, ചന്ദ്രബോസിനെ കൊലപ്പെടുത്തിയതോടെ കഥ മാറി.. പ്രതിമാസം ജീവിതചെലവിനു ജയിലിലേക്കു കിട്ടുന്ന 800 രൂപ അലവൻസ് പോലും ലഭിക്കാത്ത അവസ്ഥയിൽ പണം യാചിച്ചു കഴിയുകയാണ് ഇന്ന് 5000 കോടി ആസ്തിയുള്ള അതിസമ്പന്നൻ.
800 രൂപ യാചിച്ചുകൊണ്ട് മുഹമ്മദ് നിഷാം വിസ്താര ദിവസങ്ങളിലൊന്നിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കോടതിയുടെ കാരുണ്യം കിട്ടാനോ മാദ്ധ്യമങ്ങളുടെയും കാരുണ്യത്തിന് വേണ്ടിയായിരുന്നു ഈ അപേക്ഷ എന്ന് വ്യാഖ്യാനിക്കുമ്പോഴും അതിസമ്പന്നന്റെ ഗതികേട് ത്‌ന്നെയാണ് യഥാർത്ഥത്തിൽ ദൃശ്യമായിരുന്നത്. അത്യാഢംബര ജീവിതത്തിൽ നിന്നും 800 രൂപ യാചിക്കുന്നതിലേക്ക് നിസാം എത്തിയതിന്റെ കാരണം പണത്തിന്റെ ഹുങ്ക് മാത്രമായിരുന്നു. ബാറുകളും കാറുകളുമായി ആഘോഷമാക്കി ജീവിച്ചിരുന്നു നിസാം.ഇന്നലെ വരെ കേരളത്തിലെ ഏറ്റവും ആഡംബര ജീവിതം നയിച്ചിരുന്ന മുതലാളി; ഇനി ഇരുമ്പഴിക്കുള്ളിൽ ശ്വാസം മുട്ടാനുള്ള ജീവിതം; 5000 കോടിയുടെ ആസ്തികൾ ഇനി നിസാമിനെ നോക്കി വെറുതേ പല്ലിളിക്കും.എറണാകുളത്തെ ആഡംബര ബാറിലെ ഡിസ്‌കോ ഫ്‌ളോറിലും ബെംഗളൂരുവിലെ ഡാൻസ് ബാറിലും ദിവസം ഒരു ലക്ഷം രൂപ വരെ പൊടിച്ചിരുന്നു ഈ വ്യവസായി. സെക്യൂരിറ്റിക്കാരോടെല്ലാം വൈരാഗ്യബുദ്ധിയുള്ള ആളായിരുന്നില്ലെന്നു സുഹൃത്തുക്കൾ പറയുന്നു. ആഡംബര ഹോട്ടലുകളിൽ തന്റെ കാർ പാർക്കു ചെയ്തു വരുന്ന സെക്യൂരിറ്റിക്കാരന് 5000 രൂപ വരെ ടിപ്പ് കൊടുക്കുന്നത് പതിവായിരുന്നു. ഡാൻസ് ബാറിലെ ജോക്കികൾക്ക് 25,000 രൂപ വരെ ടിപ്പ് കൊടുക്കും. അവർ നിഷാമിനെ പുകഴ്‌ത്തി അനൗൺസ്‌മെന്റ് നടത്തും. ഫിറ്റാകുമ്പോൾ സുഹൃത്തുക്കളെ തല്ലുകയും പതിവായിരുന്നത്രേ. ഓരോ തല്ലിനും പണം കൊടുക്കുകയയിരുന്നു നിസാമിന് ഹരം പകർന്ന കാര്യങ്ങൾ.
കാറുകളായിരുന്നു മുഹമ്മദ് നിഷാമിന്റെ മറ്റൊരു കമ്പമുള്ള വിഷയം. അത്യാഢംബരമായ നാല് കാറുകളാണ് അന്വേഷണത്തിനിടെ ബെംഗളൂരുവിൽ കണ്ടെത്തിയത്. ഒരു കോടിയിലേറെ രൂപ വിലവരുന്ന പോഷെ, ലംബോർഗിനി, ഫെറാറി, റോൾസ് റോയ്‌സ് കാറുകളാണ് ഇയാളുടെ സുഹൃത്തിന്റെ ഫ്‌ലാറ്റിന്റെ പാർക്കിങ് ഏരിയയിൽനിന്നും സർവീസ് സെന്ററിൽനിന്നുമായി കണ്ടെത്തിയത്. അപകടത്തിൽ തകരാർ സംഭവിച്ചതിനെത്തുടർന്നു ലംബോർഗിനി സർവീസ് സെന്ററിലായിരുന്നു. തൃശൂർ റജിസ്‌ട്രേഷനിലുള്ള കാറുകളുടെ താക്കോൽ നാട്ടിലാണെന്നായിരുന്നു നിഷാമിന്റെ മൊഴി.കാറുകളിൽ മാത്രമായിരുന്നില്ല നിഷാമിനു കമ്പം. ചന്ദ്രബോസിനെ ചവിട്ടാൻ ഉപയോഗിച്ചത് അഞ്ചു ലക്ഷം രൂപ വിലവരുന്ന ഷൂ ആയിരുന്നു. ഇതാണു കോടതിയിൽ ഹാജരാക്കിയത്. പാമ്പിൻതോലുകൊണ്ട് ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷൻ ഷൂവാണിത്. 70 കോടിയിലധികം രൂപയുടെ ആഡംബര കാറുകൾ നിഷാം ഉപയോഗിച്ചിരുന്നതായാണു പൊലീസ് കണ്ടെത്തിയത്. നിഷാം കന്നഡ നടിയുമായി പ്രണയത്തിലായിരുന്നെന്നും എന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. മോഡലിങ് രംഗത്തുള്ള പ്രമുഖരുമായും നിസാമിന് ബന്ധമുണ്ടായിരുന്നു. ബെംഗളൂരുവിലെ ലവ്‌ലി റോഡിൽ നിഷാം കോസ്‌മെറ്റിക് സർജറി ക്ലിനിക് സ്പാ, മൾട്ടി ജിംനേഷ്യം എന്നിവകൂടി ആരംഭിക്കാൻ വൻ കെട്ടിടം വാടകയ്‌ക്കെടുത്തിരുന്നു.
എന്തായാലും ശിക്ഷാ വിധിയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഇനി 79-ാം വയസില്‍ മാത്രമേ ഇയാള്‍ക്ക് ജയില്‍ മോചിതനാകാന്‍ കഴിയൂ.വധശിക്ഷയേക്കാല്‍ വലിയ ശിക്ഷ തന്നെയാണ് കോടതി നിസാമിന് നല്‍കിയതെന്ന് തന്നെയാണ് നിയമവിദഗ്ദരില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.

Top