കോടതി മാറ്റണമെന്ന നിസാമിന്‍െറ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ വിചാരണ നിലവിലുള്ള കോടതിയില്‍നിന്ന് മാറ്റണമെന്ന പ്രതി മുഹമ്മദ് നിസാമിന്‍െറ ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് നിസാം ഹരജി നല്‍കിയിരുന്നതെങ്കിലും കേസ് പരിഗണനക്ക് വന്നപ്പോള്‍ തൃശൂര്‍ ജില്ലക്ക് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  നിസാമിന്‍െറയും പ്രതിഭാഗം സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് സ്വതന്ത്രമായ വിചാരണ നടക്കില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബോസ് വധക്കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്  നിസാം സുപ്രീംകോടതിയെ സമീപിച്ചത്.  പ്രതിഭാഗം സാക്ഷികളെ പൊലീസ് പീഡിപ്പിക്കുന്നതായും കോടതി പരിസരത്ത്  ജനം കയ്യേറ്റം ചെയ്യുന്നതായും നിസാമിന്‍െറ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കോടതിയിലേക്ക് ജനങ്ങള്‍ വരുന്നത് തടയാന്‍ കഴിയില്ളെന്നു വ്യക്തമാക്കിയ സുപ്രീംകോടതി വിചാരണ മാറ്റണമെന്ന നിസാമിന്‍െറ ആവശ്യം അംഗീകരിച്ചില്ല.
കേരളത്തില്‍നിന്ന് പുറത്തേക്ക് വിചാരണ മാറ്റാന്‍ കഴിയില്ളെന്ന് കണ്ടതോടെയാണ് തൃശൂര്‍ ജില്ലക്ക് പുറത്തുള്ള കോടതിയിലേക്കു വിചാരണ മാറ്റിയാല്‍ മതിയെന്ന നിലപാടിലേക്ക് നിസാമിന്‍െറ അഭിഭാഷകര്‍ മാറിയത്. എന്നാല്‍, ആ ആവശ്യവും സുപ്രീംകോടതി തള്ളി. എന്നാല്‍, പ്രതിഭാഗം സാക്ഷികള്‍ക്ക് മതിയായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന്  സുപ്രീംകോടതി നിര്‍ദേശിച്ചു. സാക്ഷികളെ വീട്ടില്‍നിന്ന് കോടതിയിലേക്കും കോടതിയില്‍ നിന്ന് വീട്ടിലേക്കും പൊലീസിന്‍െറ സാന്നിധ്യത്തില്‍ എത്തിക്കണം.

ഏതൊക്കെ സാക്ഷികള്‍ക്കാണ് സുരക്ഷ നല്‍കേണ്ടതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പ്രോസിക്യൂട്ടറെ അറിയിക്കണം. സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ജില്ലാ പൊലീസ് മേധാവിക്കായിരിക്കും. സാക്ഷികളായി വിദഗ്ധരെ വിസ്തരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഡി.ജി.പിക്കായിരിക്കും. സുഗമവും സ്വതന്ത്രവുമായി വിചാരണ ഉറപ്പാക്കണമെന്ന്  വിചാരണ കോടതി ജഡ്ജിക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. സുരക്ഷ സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ നിസാമിന് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. എന്നാല്‍, തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top