
ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി അവതരിപ്പിക്കുന്ന ശബരിമല ബില്ലാണ് കൂടുതല്‍ പ്രസക്തമാകുന്നത്. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. ഇത് കൂടാതെ തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് അവതരണാനുമതിയുണ്ട്.
ശബരിമല ബില്ല് ബിജെപിയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ആര്‍എസ്എസിന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും സ്ത്രീ ഉദ്ധാരണ സമീപനങ്ങളോട് പൊരുത്തപ്പെടുന്ന നിലയില്‍ ശബരിമലയില്‍ നിലപാട് സ്വീകരിക്കാന്‍ ബിജെപി കഷ്ടപ്പെടും. സ്ത്രീകളെ ആചാരപ്രകാരം മാറ്റി നിര്‍ത്തിയാല്‍ മറ്റിടങ്ങളിലെ ആചാര പരിഷ്‌ക്കരണം കീറാമുട്ടിയാകും എന്നതാണ് ഹിന്ദു മാഹാമണ്ഡലം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബിജെപി നേരിടുന്ന പ്രശ്‌നം.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലും ഇന്ന് ലോക്‌സഭയില്‍ കൊണ്ടുവരും. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാനായില്ല. 17 ആം ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് കൂടിയാണ് മുത്തലാഖ് ബില്‍. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താല്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാണ്.
ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17മത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്.