മലപ്പുറം: മുസ്ലിം ലീഗിൽ വനിതകൾക്ക് നീതിയില്ല .ഹരിതയെ ലീഗ് ഒതുക്കി മൂലയ്ക്കിരുത്തി .ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചതായും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുമെന്നും ലീഗ് പത്രപ്രസ്താവനയില്‍ അറിയിച്ചു.
വനിതാ ഭാരവാഹികളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം നേരിടുന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ ഖേദപ്രകടനം നടത്തും. ഫേസ്ബുക്കിലൂടെയായിരിക്കും ഖേദ പ്രകടനം. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച നടപടി മുസ്ലിം ലീഗ് നേതൃത്വം പിന്‍വലിച്ചു. വനിതാ കമ്മീഷന് നല്‍കിയ പരാതി ഹരിത ഭാരവാഹികള്‍ പിന്‍വലിക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പികെ നവാസിന് പുറമെ എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്തായിരുന്നു എന്ന് ലീഗ് നേതൃത്വം വിലയിരുത്തി. ഇക്കാര്യം അവര്‍ക്ക് ബോധ്യപ്പെട്ടു. വിവാദ പരാമര്‍ശം എംഎസ്എഫ് നേതാക്കള്‍ ദുരുദ്ദേശത്തോടെ പറഞ്ഞതല്ലെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. പരാമര്‍ശത്തില്‍ മൂന്ന് എംഎസ്എഫ് നേതാക്കളും നിര്‍വ്യാജം ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിക്കുമെന്നും മുസ്ലിം ലീഗ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കും. എംഎസ്എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഇനി തുടര്‍ നടപടിയുണ്ടാകില്ല. ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കാനും മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു. എംഎസ്എഫും ഹരിതയും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ഇവര്‍ യോജിച്ച് മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികളുണ്ടാകുമെന്നും മുസ്ലിം ലീഗ് അറിയിച്ചു.
ലീഗ് നേതാക്കളുടെ നിയന്ത്രണത്തില്‍ പുതിയ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സെല്‍ ആയിരിക്കും ഇരു വിഭാഗത്തെയും നിയന്ത്രിക്കുക. പരാതികള്‍ പരിഹരിക്കുന്നതും ഈ സെല്‍ ആയിരിക്കും. എംഎസ്എഫിന്റെ ജില്ലാ കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ഇരു സംഘടനകളുടെയും ഭരണഘടനകളില്‍ കാലോചിതമായ മാറ്റം വരുത്തും. മലപ്പുറം ഹരിത കമ്മിറ്റിയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്നും വാര്‍ത്താ കുറിപ്പില്‍ മുസ്ലിം ലീഗ് അറിയിച്ചു.