കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ ഉറപ്പ് നൽകി.
ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-നാവും ഹർജി പരിഗണിക്കുക. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കേസിന്‍റെ പേരിൽ തന്നെ അനാവശ്യമായി പോലീസ് പീഡിപ്പിക്കുകയാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നുണ്ട്.
ദിലീപിന്‍റെയും ബന്ധുക്കളുടെയും വീടുകളിൽ നിന്ന് പൊലീസ് മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ തോട്ടക്കാട്ടുകരയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ദിലീപും സഹോദരനും ഉൾപ്പെടെ ആറ് പ്രതികളാണുള്ളത്. പൊലീസുകാര്‍ക്കെതിരായ വധഭീഷണി കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.