കമല മില്‍സ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടും ; 150 വര്ഷം പഴക്കമുള്ള അഗ്നിരക്ഷാ നിയമം; രാജ്യത്ത് ഫയര്‍ സ്റ്റെഷനുകളില്‍ 65 ശതമാനം കുറവെന്നു ആഭ്യന്തര മന്ത്രാലയം !

ശാലിനി (ഹെറാൾഡ് സ്‌പെഷ്യൽ )

ന്യൂഡല്‍ഹി: ഏതൊരു ദുരന്തം ഉണ്ടാകുമ്പോഴും വളരെ കുറച്ചുനാള്‍ മാത്രം നിലനില്‍ക്കുന്ന ഒരു ജാഗ്രതയുണ്ട് രാജ്യത്ത്. അല്പം കഴിയുമ്പോള്‍ എല്ലാം പഴയപടിതന്നെ. ഇത് തന്നെയാണ് വീണ്ടും വീണ്ടും സമാനമായ ദുരന്തങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നതും.

ഏതാനും ദിവസം മുന്പ് മുംബൈയില്‍ ഉണ്ടായ കമല മില്‍സ് ദുരന്തത്തില്‍ 14 പേരുടെ ജീവന്‍ പൊലിഞ്ഞു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. അനധികൃത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിതുടങ്ങി.

ഇത്രയുമായതോടെ വാര്‍ത്തകളും നിന്നു. മിക്ക മാധ്യമങ്ങളും പുത്തന്‍ വാര്‍ത്തകളുടെ പുറകെയായി. ദില്ലിയിലെ തിരക്കേറിയ തെരുവുകളില്‍ അശാസ്ത്രീയവും അപകടകരമാം വണ്ണവുമാണ് ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ കണ്ടെത്തി. ഏകദേശം 5000 ലധികം വരുന്ന ഭക്ഷണ ശാലകളില്‍ ആകെ 400 എണ്ണത്തോളമേ അഗ്നിസുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ഉള്ളവയുള്ളൂ. നിയമത്തിലെ ഒരു ചെറിയ ഭാഗം ദുരുപയോഗം ചെയ്താണ് ഭക്ഷണശാല ഉടമകള്‍ അത്യന്തം ഗൌരവമായ സുരക്ഷാ വീഴ്ചകള്‍ നടത്തുന്നത്.

കമലാമില്‍സ് ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും എന്ന് ഉറപ്പാക്കുംവിധമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍. രാജ്യത്താകമാനമുള്ള അഗ്നിരക്ഷാ ശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ ആണ് ആഭ്യന്തര മന്ത്രാലയം ആ സത്യമറിയുന്നത് . കുറഞ്ഞത് 8559 ഫയര്‍ സ്റ്റെഷനുകള്‍ വേണ്ടിടത്ത് ആകെയുള്ളത് 2087 എണ്ണം മാത്രം. അതായത് രാജ്യത്തിന് ആവശ്യമായത്തില്‍ 65 ശതമാനം കുറവ് ! എന്നിരുന്നാലും അഗ്നിരക്ഷാ ശാലകളുടെ വിപുലീകരണവും നവീകരണവും ഉടന്‍ തന്നെ സര്‍ക്കാര്‍ ലക്‌ഷ്യം വയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പു നല്‍കുന്നു. അടിയന്തിര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ നഗരങ്ങളില്‍ മാത്രം ഇനിയും 4200 ഫയര്‍ സ്റ്റെഷനുകള്‍ കൂടി വേണമെന്ന് മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് .fire mumbay

അതിവെഗമുള്ള നഗരവത്കരണം അഗ്നിമൂലമുണ്ടാകുന്ന മരണ നിരക്കും കൂട്ടി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുരോയുടെ കണക്കുകള്‍ പ്രകാരം ദിനം തോറും 48 പേര്‍ അഗ്നിബാധയെറ്റ് മരിക്കുന്നുണ്ട്.2015 ല്‍ 17700 ആളുകളാണ് വെന്തുമരിച്ചത്. അതില്‍ 62 ശതാമാനവും അതായത് 10925 പേരും സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ നഗരവത്കരണം നടക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളില്‍ ആണ് ഈ മരണങ്ങളില്‍ ഏറിയ പങ്കും.

2010 ല്‍ ബംഗലൂരുവിലെ കാര്‍ട്ടന്‍ ടവര്‍ അഗ്നി ദുരന്തം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജനസാന്ദ്രത ഏറിയ നഗരങ്ങളില്‍ അഗ്നി ദുരന്തങ്ങളും പതിവായി. ഓരോ കെട്ടിട സമുച്ചയങ്ങള്‍ക്കും അടിസ്ഥാന സൌകര്യങ്ങളും അഗ്നി രക്ഷാ ഉപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമാക്കേണ്ട സമയമായി. ചെറിയ അപകടങ്ങള്‍ തുടക്കത്തില്‍ തടയാനുള്ള എല്ലാ സംവിധാനങ്ങളും വന്‍കിട കെട്ടിടങ്ങളില്‍ സ്വന്തമായി ബില്‍ഡര്മാര്‍ ഒരുക്കേണ്ടതുണ്ട് എന്ന നിയമ നിര്‍മാണം പ്രാബല്യത്തിലായാല്‍ ഒരു പരിധിവരെ വന്‍ അപകടങ്ങള്‍ തടയാനാകും. തുടക്കത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ ഫയര്‍ സ്റ്റെഷനുകളെ ആശ്രയിക്കേണ്ടി വരുന്നതാണ് ദുരന്തങ്ങള്‍ ഏറാന്‍ കാരണം. ഫയര്‍ സ്റ്റെഷനുകള്‍ ആകട്ടെ സാങ്കേതിക വിദ്യയിലും അടിസ്ഥാന സൌകര്യത്തിലും ഏറെ പിന്നിലുമാണ്. ആവശ്യാനുസരണമായ എണ്ണം പോലും ഇല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്.

എല്ലാ കെട്ടിട സമുച്ചയങ്ങളിലും അതാത് നഗര സഭകള്‍ കൃത്യമായ ഇടവേളകളില്‍ മിന്നല്‍ പരിശോധന നടത്തി അഗ്നിസുരക്ഷ ഉറപ്പു വരുത്തുകയും വേണമെന്നാണ് ജനകീയാഭിപ്രായം. താഴെ തട്ടില്‍ ചെയ്യാന്‍ സാധ്യമായ ഇത്തരം ചെറിയ കാര്യങ്ങള്‍ കര്ക്കശമാക്കിയാല്‍തന്നെ ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെ മാറ്റി നിര്‍ത്താനാകും.

50 പേര്‍ക്ക് ആഹാരം കഴിക്കാന്‍ ഇടമില്ല എന്നുള്ള വാദം പറഞ്ഞു നിയമത്തിലെ ഒരു ഭാഗം ദുരുപയോഗം ചെയ്താണ് ദില്ലിയിലെ ഖാന്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഏറെ തിരക്കുള്ള തെരുവുകളില്‍ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത് . സീറ്റുകള്‍ മനപൂര്‍വ്വം 48 ആക്കി ചുരുക്കുകയാണ് കച്ചവടക്കാര്‍ എന്ന് ഡല്‍ഹി ഫയര്‍ ബ്രിഗേഡ് ചീഫ് ജി സി മിശ്ര പറഞ്ഞു. എന്നാല്‍ മുംബൈ കമല മില്‍സ് ദുരന്തത്തിന് ശേഷം ഡല്‍ഹിയില്‍ സുരക്ഷാപരിശോധന നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. 1983 ലാണ് ഇന്ത്യന്‍ അഗ്നി സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത് അതിനു ശേഷം എത്രയധികം ഡല്‍ഹി വളര്‍ന്നു എന്നത്കൂടി ഒന്നോര്‍ക്കണം . ഡല്‍ഹി മാത്രമല്ല ഓരോ നഗരവും വളര്‍ന്നു പന്തലിച്ചു. പക്ഷെ നിയമം മാത്രം അന്നും ഇന്നും ഒരുപോലെ. ഇതാണ് വ്യാപാരികള്‍ സൌകര്യാര്‍ത്ഥം ദുരുപയോഗം ചെയ്യുന്നത്. 150 വര്ഷം പഴക്കമുള്ള അഗ്നിരക്ഷാ നിയമങ്ങള്‍ കാര്യക്ഷമമായി പരിഷ്കരിക്കേണ്ടതുണ്ട്.

Top