
‘സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഈ വീടിന് ആവശ്യമില്ല’ചെറായി രക്തേശ്വരി ബീച്ചിനടുത്ത് പ്രദേശത്തെ താമസക്കാരനായ ജോര്‍ജിന്റെ വീട്ടിലാണ് ഇത്തരമൊരു പോസ്റ്റര്‍. രാഷ്ട്രീയ എതിര്‍പ്പോ ധിക്കാരമോ ആണെന്ന് ധരിക്കരുത്. സത്യാവസ്ഥ മറ്റൊന്നാണ്.
പ്രളയസമയത്ത് ആദ്യം വെള്ളം കയറിയ വീടുകളിലൊന്ന് ജോര്‍ജിന്റേതായിരുന്നു. മറ്റുള്ളവര്‍ പറയുന്ന പോലെ വലിയ നഷ്ടമുണ്ടായിട്ടില്ല തനിക്ക്, കുറച്ച് പായകളും കറിപ്പൊടികളും നനഞ്ഞു. അത്ര തന്നെ! പലയിടങ്ങളിലെയും നാശനഷ്ടങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ താന്‍ എന്തിന് നഷ്ടപരിഹാരം വാങ്ങണം, അതാണ് വീടിന് മുന്നില്‍ ഇത്തരത്തില്‍ പോസ്റ്റര്‍ എഴുതി വെച്ചത്- ജോര്‍ജ് പറയുന്നു. ജോര്‍ജിന്റെ പ്രവൃത്തിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
കല്‍പ്പണിക്കാരനായ ജോര്‍ജ് നട്ടെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് ജോലിക്ക് പോകാന്‍ കഴിയാതെ കഷ്ടപ്പാടിലാണ് കഴിയുന്നത്. ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന് ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത്. അര്‍ഹതയില്ലാത്ത സഹായധനം വേണ്ടെന്ന് ഉറപ്പിച്ചുപറയുമ്പോഴും റേഷന്‍കാര്‍ഡ് ഒന്ന് മാറ്റി നല്‍കാന്‍ അധികൃതര്‍ കരുണ കാണിക്കമെന്നാണ് ജോര്‍ജിന്റെ അഭ്യര്‍ത്ഥന. തനിക്ക് സഹായം നല്‍കുന്നതിന് പകരം ആ തുക വെള്ളപ്പൊക്കത്തില്‍ മുഴുവനായും തകര്‍ന്ന പറവൂര്‍ പെരുമ്പടന്ന കിഴക്കുഭാഗങ്ങളിലുള്ളവര്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശവും ജോര്‍ജ് കത്തില്‍ മുന്നോട്ടുവയ്ക്കുന്നു. പ്രളയദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നെന്ന വാര്‍ത്തകള്‍ക്കിടെ ചെറായി രക്തേശ്വരി ബീച്ച് പരിസരത്ത് നിന്നാണ് നന്മ നിറഞ്ഞ ജോര്‍ജിന്റെ സന്ദേശം.