നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ വിരുദ്ധ നിലപാട്: ഗവർണറുമായി പോരടിക്കാതെ സർക്കാർ; വിശദീകരണം നൽകി ഒഴിവാക്കും

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കേരള ഗവർണറും തമ്മിലുള്ള പോർവിളികൾ അവസാനമില്ലാതെ തുടരുകയാണ്. ബഡ്ജറ്റ് സമ്മേളനത്തിലെ  നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഗവർണർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

ഇതിൽ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും. പൗരത്വ നിയമം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്നും സംസ്ഥാന വിഷയം അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച ഗവര്‍ണര്‍ വിശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ ഓഫീസാകും വിശദീകരണം നല്‍കുക. ഈ വിഷയത്തിൽ ഗവർണറുമായി പോരടിക്കാതെ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമം.

നയപ്രഖ്യാപനം സര്‍ക്കാര്‍ കാര്യമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചതിന്റെ ഫയലുകള്‍ നല്‍കാന്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. പൗരത്വനിയമത്തിനെതിരേയുള്ള സര്‍ക്കാരിന്റെ പ്രതിഷേധവും സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയതും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതും രാജ്ഭവന് അതൃപ്തി ഉണ്ടാക്കിയിരുന്നു. പൗരത്വ വിഷയം സംസ്ഥാനസര്‍ക്കാരിന്റേത് അല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. സുപ്രീംകോടതിയില്‍ ഇരിക്കുന്ന പ്രശ്‌നം എങ്ങിനെ സര്‍ക്കാര്‍ നയമാകുമെന്നാണ് ഗവര്‍ണര്‍ ചോദിച്ചത്.

നിയമസഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരികെ വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേശയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. നിയമസഭയുടെ ഭാഗമായി ഇരുന്നുകൊണ്ട് വെല്ലുവിളിക്കുകയും സഭയുടെ അന്തസ്സ് ചോദ്യം ചെയ്യുന്നതും അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഗവര്‍ണ്ണറെ തിരിച്ചുവിളിക്കാന്‍ രാഷ്പ്രതി തയ്യാറാകണമെന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Top