ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. വടക്കുകിഴക്കന്‍ വിധിയെഴുത്ത്: ത്രിപുരയില്‍ മൂന്നു സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുന്നു. മൂന്നിടത്തും വിജയിക്കുമെന്നു ബിജെപിയും ഭരണം നിലനിര്‍ത്തുമെന്നു ത്രിപുരയില്‍ സിപിഎമ്മും മേഘാലയയില്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. മൂന്നിടത്തും 60 വീതമാണു സീറ്റ്.
ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ത്രിപുരയില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. സിപിഎം തകര്‍ന്നടിഞ്ഞതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. മുന്നില്‍ ഒന്ന് സീറ്റുകളിലെ ഫല സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്
രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സംസ്ഥാനത്ത് 59 സീറ്റുകളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഇടതുപക്ഷത്ത് സിപിഎം-56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു.
ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റില്‍.
കാല്‍നൂറ്റാണ്ടായി ഇടതുഭരണത്തില്‍ തുടരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ പ്രതിച്ഛായയാണ് സിപിഎമ്മിന്റെ തുറുപ്പുചീട്ട്. 2013ല്‍, മല്‍സരിച്ച 50 സീറ്റില്‍ 49ലും കെട്ടിവച്ച പണം നഷ്ടമായ ബിജെപി, തൃണമൂലിന്റെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയാണ് മുഖ്യപ്രതിപക്ഷമായിരിക്കുന്നത്.
കഴിഞ്ഞ തവണ 1.54% മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ബൂത്ത് തലംമുതല്‍ ചിട്ടയോടെ പ്രചാരണ പ്രവര്‍ത്തനം നടത്തിയാണ് ഇടതുകോട്ട തകര്‍ക്കാന്‍ ശ്രമിക്കുന്നത്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പരമാവധി ഒരു സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
മേഘാലയ
ഒന്‍പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്തും 59 സീറ്റിലാണ് തിരഞ്ഞെടുപ്പു നടന്നത്. വില്യംനഗറിലെ എന്‍എസിപി സ്ഥാനാര്‍ഥി ജൊനാഥന്‍ എന്‍.സാംഗ്മ കൊല്ലപ്പെട്ടതിനാല്‍ ഉപതിരഞ്ഞെടുപ്പ് വേണം.
കോണ്‍ഗ്രസിന് എല്ലാ സീറ്റിലും സ്ഥാനാര്‍ഥിയുണ്ട്, ബിജെപിക്ക് 47 സീറ്റിലും. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാംഗ്മ സ്ഥാപിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 52 സീറ്റിലും, സഖ്യമായി മല്‍സരിക്കുന്നതില്‍ യുഡിപിക്ക് 35 സീറ്റിലും എച്ച്എസ്പിഡിപിക്ക് 13 സീറ്റിലും സ്ഥാനാര്‍ഥികളുണ്ട്.
കഴിഞ്ഞ തവണ 1.27% മാത്രം വോട്ടു നേടിയ ബിജെപി മാറ്റമാണ് മുദ്രാവാക്യമായി ഉന്നയിക്കുന്നത്. ബിജെപിയെ അധികാരത്തിലേറ്റുന്നത് മേഘാലയയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ഭാഷയെയും മതത്തെയും ബാധിക്കുമെന്ന് കോണ്‍ഗ്രസിന്റെ വാദം.
നാഗാലാന്‍ഡ്
നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെയും 59 സീറ്റിലാണ് മല്‍സരം. തുടര്‍ച്ചയായി നാലാം തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട്. അവരുമായുള്ള കൂട്ടുവിട്ട് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുമായി (എന്‍ഡിപിപി) സഖ്യമുണ്ടാക്കിയ ബിജെപി 20 സീറ്റില്‍ മല്‍സരിക്കുന്നു. പത്തു സീറ്റിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ.
നെയിഫിയു റയോയുടേതിനു പുറമെ, 39 സീറ്റില്‍കൂടി എന്‍ഡിപിപിക്കു സ്ഥാനാര്‍ഥികളുണ്ട്. ആദ്യം 23 സീറ്റില്‍ മത്സരിക്കാന്‍ ആലോചിച്ച കോണ്‍ഗ്രസ്, മല്‍സരം 18ലേക്കു ചുരുക്കി. ഒരു സീറ്റുപോലും ജയിക്കില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെമേ ഖാപേ തേരിയുടെ പ്രവചനം.