മൂവായിരത്തോളം പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ;തെരഞ്ഞെടുപ്പ് സുരക്ഷക്ക് അയല്‍ സംസ്ഥാന സായുധ സേനയും

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ അയല്‍ സംസ്ഥാനങ്ങളിലെ സായുധ സേനയേയും നിയോഗിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്ര സേനയെ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ആണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സായുധ സേനയെ ഇറക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് മുപ്പതു കമ്പനി സേനയുടെ സഹായം കേരളം ആവശ്യപ്പെട്ടു. അന്യസംസ്ഥാന സേനയും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പെടെ 60,000പേരെ പോളിംഗ് ദിവസങ്ങളില്‍ സുരക്ഷക്കായി സംസ്ഥാനത്ത് നിയോഗിക്കേണ്ടിവരും.

മൂവായിരത്തോളം പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ തന്നെ അഞ്ഞൂറോളം ബൂത്തുകളില്‍ അതീവ ജാഗ്രത ആവശ്യമായി വരും. തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകള്‍ക്ക് മാത്രമായി 30 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2010ലെ തദ്ദേശഭരണ പൊതുതെരഞ്ഞെടുപ്പിനായി വ്യവസായ സുരക്ഷാ സേന, റിസര്‍വ് പൊലീസ് ബറ്റാലിയന്‍, ഇന്തോ- ടിബറ്റന്‍ അതിര്‍ത്തിസേന, അതിര്‍ത്തി രക്ഷാസേന എന്നിവയുടെ 55 കമ്പനിയെയാണ് നിയോഗിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള പൊലീസിലെ 40,000ത്തോളം പേരെ തെരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിക്കും. ഇതിന് പുറമേ 5000ത്തോളം സായുധ പൊലീസ് സേനാംഗങ്ങളെയും രണ്ടായിരത്തിലധികം എക്‌സൈസ്, ഫോറസ്റ്റ്, ഹോംഗാര്‍ഡ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. വിമുക്തഭടന്മാരും വിരമിച്ചവരും ഉള്‍പ്പെടുന്ന 9000 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും സുരക്ഷക്കായി നിയോഗിക്കും. മാവോയിസ്റ്റ് ഭീഷണി മുന്‍നിര്‍ത്തി വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ കമാന്‍ഡോ സേനയെയും തണ്ടര്‍ബോള്‍ട്ടിനെയും ദ്രുതകര്‍മസേനയയും നിയോഗിക്കും.

സംസ്ഥാനത്ത് 21,400 പോളിങ് ലൊക്കേഷനുകളിലായി 37,000ത്തോളം ബൂത്തുകളുണ്ടാവുമെന്നാണ് പ്രാഥമിക കണക്ക്. ജനവാസപ്രദേശങ്ങളില്‍ നിന്ന് അകന്ന് സ്ഥിതിചെയ്യുന്ന ബൂത്തുകളെ അതീവ സുരക്ഷാ ബൂത്തുകളായി കണക്കാക്കി സായുധസേനയെ നിയോഗിക്കും. കണ്ണൂരില്‍ അതീവപ്രശ്‌ന സാധ്യത കണക്കാക്കുന്ന വിഭാഗത്തില്‍ 171 ബൂത്തുകളുണ്ട്. ഇത്തരം ബൂത്തുകളില്‍ നാല് സായുധ സേനാംഗങ്ങളെ വീതം വിന്യസിക്കും. 538 ബൂത്തുകളില്‍ രണ്ട് സായുധ സേനാംഗങ്ങളും അധികം പൊലീസുമുണ്ടാവും. വയനാട്ടില്‍ 55ഉം കൊല്ലത്ത് 75ഉം തിരുവനന്തപുരത്ത് 54ഉം തീവ്ര പ്രശ്‌നബാധിത കേന്ദ്രങ്ങളുണ്ട്. ആലപ്പുഴയില്‍ 116 പ്രശ്‌നബാധിത ബൂത്തുകളും പ്രശ്‌ന സാധ്യതയുള്ള 296 ബൂത്തുകളുമുണ്ടെന്നാണ് കണക്ക്. പ്രശ്‌നബാധിത ബൂത്തുകളുടെ അന്തിമപട്ടിക ഇന്റലിജന്‍സ് വിഭാഗം തയാറാക്കി ഉടന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കും.മുന്‍ തെരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 75 ശതമാനം ഒരു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ബൂത്തുകള്‍, റീപോളിങ് നടന്ന ബൂത്തുകള്‍, അക്രമ സംഭവങ്ങളുണ്ടായ ബൂത്തുകള്‍, മാവോയിസ്റ്റ് സാന്നിധ്യം എന്നിവ കണക്കിലെടുത്താണ് പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക തയാറാക്കിയത്.

Top