പണം വെറുതെ ചെലവഴിച്ചതല്ല; എല്ലാം വികസനത്തിനുവേണ്ടിയെന്ന് ഉമ്മന്‍ചാണ്ടി

oomen_chandy

തിരുവനന്തപുരം: സംസ്ഥാനത്തിന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് കടബാധ്യതയാണെന്ന് തോമസ് ഐസക്ക് പറഞ്ഞതിനെതിരെ ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ധൂര്‍ത്താണ് കടം പെരുകാന്‍ കാരണമായതെന്നായിരുന്നു ആരോപണം. എന്നാല്‍, അനാവശ്യമായി പണം ചെലവഴിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ പറയുന്നത്.

എല്ലാം സംസ്ഥാനത്തിനു വേണ്ടിയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കൂടുതല്‍ പണം ചെലവഴിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. സംസ്ഥാനം ഇന്ന് വെല്ലുവിളി നേരിടുന്നത് അടിസ്ഥാന സൗകര്യ വികസന കാര്യത്തിലാണെന്നും ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം വേണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെച്ച സംസ്ഥാന ധനസ്ഥിതിയെ കുറിച്ചുള്ള ധവളപത്രത്തിലെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. രണ്ട് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയതിന്റെ ബാധ്യത യുഡിഎഫിന് സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടബാധ്യത വര്‍ദ്ധിച്ചതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്‍ഡിഎഫിന്റെ കാലത്ത് 71 ശതമാനമായിരുന്ന വര്‍ദ്ധന എങ്കില്‍ യുഡിഎഫിന്റെ കാലത്ത് അത് 97 ശതമാനമായി. എന്നാല്‍ എടുക്കുന്ന കടം എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ മൂലധന ചെലവ് 24,032 കോടിയായിരുന്നു. വര്‍ദ്ധനവ് 153 ശതമാനം. പദ്ധതി ചെലവ് 70,960 കോടി, വര്‍ദ്ധനവ് 95 ശതമാനം. കടമെടുക്കുന്ന തുക ശരിയായ രീതിയില്‍ ചെലവഴിച്ചാല്‍ അത് സംസ്ഥാനത്തിന് നേട്ടമാണെന്നും ഇന്ന് നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ വൈകിയാല്‍ അത് കൂടുതല്‍ ബാധ്യത സൃഷ്ടിക്കുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അംഗീകരിക്കാമെന്നും എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുറ്റപ്പെടുത്തല്‍ ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസരങ്ങള്‍ നമ്മള്‍ പ്രയോജനപ്പെടുത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1,67,096 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 46,323 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. നിയമന നിരോധനമായിരുന്നു യുഡിഎഫ് സര്‍ക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ നാലായിരത്തോളം ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top