ആദ്യഘട്ടത്തില്‍ 75.56 ശതമാനം.നഗരങ്ങളില്‍ തണുപ്പന്‍ പ്രതികരണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തില്‍ പോളിംഗ് സമയം അവസാനിച്ചപ്പോള്‍ 76 ശതമാനം പോളിംഗ്.  വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കാണിത്. വോട്ടെടുപ്പ് സമയമായ അഞ്ചു മണിക്ക് ശേഷവും ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം കിട്ടും. പല ബൂത്തുകളിലും നിരവധിപ്പേര്‍ ഇപ്പോഴും ക്യൂവിലുണ്ടെന്നതിനാല്‍ വോട്ടിംഗ് ശതമാനത്തില്‍ മാറ്റംവരാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പോളിംഗ് ശതമാനം പ്രഖ്യാപിച്ചിട്ടില്ല.

കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എല്‍പി സ് കൂളിലെ ബൂത്തില്‍ യു.ഡി.എഫിന്റെ വനിതാ സ്ഥാനാര്‍ഥി രേഷ്മയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.

വോട്ടര്‍ പട്ടിക വലിച്ചു കീറിയതായും പരാതി ഉയര്‍ന്നു. എന്നാല്‍, പോളിംഗ് തടസപ്പെട്ടിട്ടില്ല.കണ്ണൂര്‍ പരിയാരത്ത് 5, 6 വാര്‍ഡുകളില്‍ വെബ്കാസ്റ്റിംഗ് കാമറ തകര്‍ത്തതിനെ തുടര്‍ന്ന് പോളിംഗ് അരമണിക്കൂറോളം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

കോഴിക്കോട് ആറിടങ്ങളിലാണ് വോട്ടിംഗ് മെഷിന്‍ തകരാറിലായത്.

കൊല്ലം പെരിനാട് പഞ്ചായത്തിലെ കുരാ വാര്‍ഡ് വായനശാല ബൂത്തില്‍ രാവിലെ മുതല്‍ വോട്ടിങ് യന്ത്രം കേടായത് സമ്മതിദായകരെ വലച്ചു. ഇപ്പോഴും ഇവിടെ വോട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഈ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് സ്ലിപ്പിനൊപ്പം പണവും നല്‍കിയതായി പരാതിയുണ്ട്.

പത്തനാപുരം പെരിനാട് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്നലെ രാത്രി ഒരുസംഘം മുഖംമൂടി സംഘം വെട്ടി പരിക്കേല്‍പിച്ചു. വെട്ടേറ്റ് വഴിയില്‍ കിടന്ന ഇദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമ സംഭവവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് എം. സുനില്‍ അറിയിച്ചു.

ഇടുക്കിയില്‍ രാവിലെ മുതല്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. തോട്ടം തൊഴിലാളി സമരം അടക്കം സംഭവബഹുലമായിരുന്ന ഇടുക്കിയിലെ തെരഞ്ഞെടുപ്പ് ഇടതു-വലതു മുന്നണികള്‍ക്ക് നിര്‍ണായകമാണ്. വടക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട പോളിംഗ് നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ഉയരുമെന്നാണ് പ്രതീക്ഷ.

വയനാട്ടില്‍ ഉച്ചവരെ വോട്ടിംഗ് കുറവ്. രാവിലെ നേരിയ തോതില്‍ തിരക്കു അനുഭവപ്പെട്ടെങ്കിലും പിന്നീട് വോട്ട് രേഖപ്പെടുത്താനായി രണ്ടോ മൂന്നോ പേര്‍ മാത്രമുളള കാഴ്ചയാണ് വയനാട്ടിലെ പല പോളിംഗ് ബൂത്തുകളിലും.തുടരെയുളള മഴ പോളിംഗ് കുറയാന്‍ ഒരു പ്രധാന കാരണമാണ്. വയനാട് മുപ്പനേട് പഞ്ചായത്തിലെ 16 ആം വാര്‍ഡിലെ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് പരിഹരിച്ചിട്ടില്ല.

കാസര്‍കോട്‌ യന്ത്ര തകരാറു മൂലം വോട്ടിങ് തടസപ്പെട്ട നീലേശ്വരം നഗരസഭയിലെ മരാക്കാപ്പ് കടപ്പുറത്തെ ഒന്നാം നമ്പര്‍ ബൂത്തിലെ വോട്ടിങ് പുനരാരംഭിച്ചു. ആകെ പോള്‍ ചെയ്ത വോട്ടില്‍ മൂന്നെണ്ണത്തിന്റെ കുറവു വന്നതിനെ തുടര്‍ന്നാണു നിര്‍ത്തിവച്ചിരുന്നത്. ഓരോ 100 വോട്ടിനും ഒരു വോട്ടിന്റെ കുറവു കാണിച്ചിരുന്നു. യന്ത്രത്തിനു തകരാറില്ലെന്നു ടെക്‌നീഷ്യന്‍ തറപ്പിച്ചു പറഞ്ഞതോടെ 100 വോട്ടുകള്‍ കൂടി ചെയ്യുന്നതു വരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കാസര്‍കോട് പിലിക്കോട് പഞ്ചായത്തിലെ 14–ാം വാര്‍ഡ് ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. ഇവിടെ വോട്ടെടുപ്പ് തുടങ്ങാന്‍ 15 മിനിറ്റ് വൈകി. എന്‍മകജെ പഞ്ചായത്ത് ആറാം വാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്ത്, പുത്തിഗെ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി.

കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് വി.സി. ദേവസ്യ യ്ക്ക് മര്‍ദനമേറ്റു. പനത്തടി പഞ്ചായത്ത് പാടി ബൂത്തിലേക്ക് പോകുന്നതിനിടെയാണ് മര്‍ദനം. എരമം കുറ്റൂര്‍ പഞ്ചായത്തില മാതമംഗലത്ത് യുഡിഎഫ് ഏജന്റ്മാര്‍ക്കു മര്‍ദനം. ഒരു ഏജന്റിനെ എതിരാളികള്‍ തട്ടിക്കൊണ്ടുപോയതായും പരാതി.

മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് തിരുനെല്ലി ഉള്‍പ്പെടെ ജില്ലയില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 90 പട്രോളിംഗ് സംഘങ്ങളെ ജില്ലയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

ഏഴ് ജില്ലകളിലെ 9220 വാര്‍ഡുകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.ഏഴു ജില്ലകളിലായി 1,11, 11,006 വോട്ടര്‍മാരാണു 15,096 പോളിംഗ് ബൂത്തുകളിലായി സമ്മതിദാനാവകാശം വിനിയോഗിക്കുക. 1316 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണക്കാക്കിയിരിക്കുന്നത്.

 

Top