
ബെയ്ജിങ്∙ ഉത്തര കൊറിയയില്‍ ഇന്നുണ്ടായ ഭൂചലനം ആണവ പരീക്ഷണം മൂലമുണ്ടായതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു ചൈന. എന്നാല്‍ പ്രകൃത്യാലുള്ളതാണെന്നാണു ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. 3.5 തീവ്രതയാണു രേഖപ്പെടുത്തിയത്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്തുനിന്ന് 20 കിലോമീറ്ററോളം മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഇത് പ്രകൃത്യായുലുള്ളതാണോ അല്ലയോയെന്നു ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും യുഎസ്ജിഎസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് റേഡിയേഷൻ നിരക്കിൽ കാര്യമായ വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് റഷ്യയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര കൊറിയയിൽ ആണവ പരീക്ഷണത്തെത്തുടർന്നുണ്ടാവുന്ന ഭൂകമ്പങ്ങളിൽ ഏറ്റവും തീവ്രത കുറഞ്ഞതാണ് ഇത്തവണത്തേത്. 2006ൽ ആദ്യ ആണവ പരീക്ഷണത്തിൽ 4.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഉത്തര കൊറിയ വീണ്ടുമൊരു ആണവപരീക്ഷണം കൂടി നടത്തിയെന്നതു ലോകം ഭീതിയോടെയാണു വീക്ഷിക്കുന്നത്. ഉത്തര കൊറിയയില്‍ ഇൗയടുത്ത കാലത്ത് ഉണ്ടായ ഭൂചലനങ്ങളെല്ലാം ആണവ പരീക്ഷണങ്ങളായിരുന്നുവെന്നു പിന്നീടു വ്യക്തമായിരുന്നു. സെപ്റ്റംബർ മൂന്നിനായിരുന്നു ഇതിനുമുന്‍പ് ഭൂചലനമുണ്ടായത്. അന്ന് ഹൈഡ്രജൻ ബോംബാണ് ഉത്തര കൊറിയ പരീക്ഷിച്ചത്