സിയോള്‍: ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കി. എതിര്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന്റെ ഉത്തരവ്. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ഇതോടൊപ്പം ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും കിം ഉത്തരവിട്ടതായി റിപ്പോര്‍ട്ടിലുണ്ട്.
ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും വിലക്കു ലംഘിച്ച് ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ പുതിയ പ്രഖ്യാപനം. ചൈനയുടെ പിന്തുണയോടെ അമേരിക്കയാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഉപരോധ പ്രമേയം കൊണ്ടുവന്നത്. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും, വിമാന ഇന്ധനം ഉള്‍പ്പെടെയുള്ള ചരക്കുകളും ഉത്തര കൊറിയയിലേക്ക് കയറ്റുമതി ചെയ്യുന്നതും ആയുധ വില്‍പ്പന പൂര്‍ണമായി നിരോധിക്കുന്നതുമാണ് പ്രമേയം.
ഉത്തര കൊറിയയുമായി മറ്റ് രാജ്യങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള സൈനിക സഹകരണത്തിലേര്‍പ്പെടുന്നതിനും വിലക്കുണ്ട്. ഉത്തര കൊറിയയുടെ മിസൈല്‍ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഉത്തര കൊറിയയില്‍ നിന്ന് വരുന്നതും പോകുന്നതുമായ ചരക്കുകള്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. 16 ഉത്തര കൊറിയന്‍ പൗരന്‍മാരെയും 12 സ്ഥാപനങ്ങളെയും യുഎന്‍ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഏതു സമയത്തും ആണവായുധം പ്രയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ തയാറാകാന്‍ കിം സൈന്യത്തിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തെ നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ, ജപ്പാന്‍ സമുദ്രത്തിലേക്ക് മിസൈലുകള്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ആറു ഹ്രസ്വദൂര മിസൈലുകളാണു വിക്ഷേപിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ പഠനം നടത്തിവരികയാണെന്നും ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയ വക്താവ് മൂണ്‍ സാംഗ് ഗ്യൂവന്‍ പറഞ്ഞു.