ദുബായ്: രണ്ട് വര്‍ഷം മുമ്പ് ദുബായില്‍ അമ്പലം പണിയാന്‍ അനുവദിച്ച സ്ഥലം തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമാക്കി മാറ്റാന്‍ മോഡി ശ്രമിച്ചോ..? ദുബായിലെ അമ്പലത്തെ കുറിച്ചുള്ള പുതിയ വിവാദങ്ങള്‍ അങ്ങിനെയാണ് സൂചിപ്പിക്കുന്നത്.
തന്റെ യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചെന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ അവകാശവാദം വ്യാജമെന്ന് ആരോപണം. 2013ല്‍ ക്ഷേത്ര നിര്‍മാണത്തിനായി ഒരു വ്യവസായി സ്ഥലം വിട്ടു നല്‍കിയതിനെയാണ് തന്റെ വിജയമായി മോദി ട്വിറ്ററില്‍ ആഘോഷിച്ചത്.
2013ല്‍ ബൊച്ചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ (ബാപ്‌സ്) എന്ന സംഘടനക്ക്, ക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ ഒരു വ്യവസായി അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. അബുദാബിയിലെ ഒരു പള്ളിയോട് ചേര്‍ന്നുള്ളതായിരുന്നു ക്ഷേത്രത്തിനായി നിശ്ചയിച്ച സ്ഥലം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ക്ഷേത്രനിര്‍മാണം നടപ്പാകാതെ കിടക്കുകയായിരുന്നു.
‘അബൂദാബിയില്‍ ക്ഷേത്ര നിര്‍മാണത്തിന് ഭൂമി അനുവദിച്ച യു.എ.ഇ ഗവണ്‍മെന്റിന്റെ തീരുമാനത്തിന് നന്ദി’ എന്നാണ് മോദി ഇന്നലെ ട്വീറ്റ് ചെയ്തത്. ഇതൊരു വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അബൂദാബിയിലെ ആദ്യ ക്ഷേത്രത്തിന് ഭൂമി വിട്ടുകിട്ടിയത് മോദിയുടെ സന്ദര്‍ശന വിജയമായി സംഘപരിവാറും മാധ്യമങ്ങളും കൊട്ടിഘോഷിക്കുകയും ചെയ്തു.
മോദിയുടെ ട്വീറ്റില്‍, ക്ഷേത്രത്തിന് അനുവദിച്ചത് എത്ര സ്ഥലമാണെന്നോ അബുദാബിയില്‍ എവിടെയാണെന്നോ വിശദീകരിച്ചിട്ടില്ല. ബാപ്‌സിന് രണ്ടു വര്‍ഷം മുന്നേ വിട്ടുകിട്ടിയ സ്ഥലം തന്നെയാണ് ഇതെന്നാണ് സൂചന.