ദമ്മാം: ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി ശരിവച്ചത് ജനപക്ഷ നയത്തിനുള്ള അംഗീകാരമാണെന്ന് ദമ്മാം ഒ ഐ സി സി അഭിപ്രായപ്പെട്ടു. ബാര്‍ മുതലാളിമാരും ചില രാഷ്ട്രീയ നേതാക്കളും നഖശിഖാന്തം എത്തിര്‍ത്ത മദ്യനയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ പി സി സി പ്രസിഡണ്ട് വി.എം.സുധീരന്റെയും അചഞ്ചലമായ നിലപാടിലൂടെയാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വവും ആശ്വാസവും പകരുന്ന യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി വിധിയിലൂടെ ചരിത്ര സംഭവമായി മാറിയിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ നിരവധി ബാറുകള്‍ പൂട്ടേണ്ടി വന്ന ബിജു രമേശ് കഴിഞ്ഞ കുറെ മാസങ്ങളായി കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ജല്‍പ്പന്നങ്ങള്‍ ഈ വിധിയോടുകൂടി അവസാനിപ്പിക്കണം. സുപ്രീം കോടതി യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം ശരിവയ്ക്കുന്നതിലൂടെ കൂടുതല്‍ രോശാകുലരാകുന്ന ബാര്‍ മുതലാളിമാര്‍ സര്‍ക്കാതിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും എക്സൈസ് വകുപ്പ് മന്ത്രിക്കെതിരെയും കെട്ടിച്ചമച്ച കഥകളുമായി ഇനിയും മാധ്യമങ്ങളെ സമീപിച്ചേക്കും. സമൂഹ നന്മക്കായി കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും നിലകൊള്ളുന്നുവെങ്കില്‍ ബിജു രമേശ് ഉള്‍പ്പെടെയുള്ള ബാര്‍ മുതലാളിമാരുടെ ആരോപണങ്ങള്‍ക്ക് കാര്യമായ പ്രചാരണം നല്‍കാതിരിക്കുവാന്‍ കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും തയ്യാറാകണമെന്ന് ദമ്മാം ഒ ഐ സി സി ആവശ്യപ്പെട്ടു.
ചരിത്ര പ്രാധാന്യമായ മദ്യനയം രൂപീകരിക്കുന്നതിന് പ്രേരക ശക്തിയായി നിലകൊണ്ട കെ പി സി സി പ്രസിഡണ്ട് വി.എം സുധീരനെയും നയം നടപ്പിലാക്കുന്നതിന് ആത്മാര്‍ഥമായി പ്രയത്നിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനെയും ലീഗുള്‍പ്പെടെയുള്ള യു ഡി എഫിലെ ഘടക കക്ഷികളെയും ദമ്മാം ഒ ഐ സി സി അഭിനന്ദിച്ചു.