ബെയ്‌സ് എഡിറ്റിങ് ജീന്‍ തെറാപ്പിയിലൂടെ രക്താര്‍ബുദത്തെ അതിജീവിച്ച് പതിമൂന്നുകാരി. ബ്രിട്ടണിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അലിസ എന്ന പതിനൂന്നുകാരിയെ ഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് കുട്ടിക്ക് പിടിപെട്ട രോഗം.
ഇതാദ്യമായാണ് അര്‍ബുദ രോഗത്തിന് ബെയ്‌സ് എഡിറ്റിങ് ജീന്‍ തെറാപ്പി പരീക്ഷിക്കുന്നത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ശ്വേതരക്താണുക്കളാണ് ടി-കോശങ്ങള്‍. അലിസയില്‍ ഇവ ക്രമാതീതമായി പെരുകുകയായിരുന്നു.
രോഗം ഭേദമാകുന്നതിന് വേണ്ടി കീമോ തെറാപ്പിയും മജ്ജ മാറ്റിവെക്കല്‍ ചികിത്സയും നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. മറ്റ് ചികിത്സ മാര്‍ഗങ്ങള്‍കൊണ്ട് രോഗം ഭേദമാകാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ പരീക്ഷണാര്‍ത്ഥം ബെയ്‌സ് എഡിറ്റിങ് ജീന്‍ തെറാപ്പിയിലേക്ക് കടന്നത്.
ചികിത്സയുടെ ഭാഗമായി അലിസയുടെ ടി-കോശങ്ങളില്‍ ബെയ്‌സ് എഡിറ്റിങ് നടത്തി. ശേഷം വീണ്ടും മജ്ജ മാറ്റിവെച്ചു. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അര്‍ബുദ ലക്ഷണങ്ങളില്ലെന്ന് കണ്ടെത്തി. എന്നാല്‍ കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. മനുഷ്യന്റെ ഡിഎന്‍എയിലെ നെട്രജന്‍ ബേസുകളിലെ തന്മാത്രയുടെ ഘടനയില്‍ മാറ്റം വരുത്തുന്ന ചികിത്സാ രീതിയാണ് ബെയ്‌സ് എഡിറ്റിങ്. ആറ് വര്‍ഷം മുമ്പാണ് ഈ ചികിത്സാ രീതി കണ്ടുപിടിക്കുന്നത്.