
ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുമായി സമവായത്തിലെത്തിയതായി ചൈന അറിയിച്ചു. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് സൈനിക തലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം നടക്കുന്നുണ്ടെന്നും ചൈനീസ് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുന്നത്. ഇന്ത്യയുമായി അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമവായത്തിലെത്തിയതായി ചൈനീസ് വക്താവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തിലും സൈനികതലത്തിലും ആശയവിനിമയം നടത്തുന്നുണ്ടെന്നും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും ഹുവാ വ്യക്തമാക്കി. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല.
അതേസമയം, കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വര, പാംഗോങ് തടാകം എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം രണ്ടുമുതല്‍ മൂന്നുവരെ കിലോമീറ്റര്‍ പിന്‍വലിഞ്ഞതായി സൈനികവൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെ, ഇന്ത്യന്‍ സൈന്യവും സൈനിക വാഹനങ്ങളുള്‍പ്പെടെ ഇവിടെനിന്ന് പിന്‍വലിച്ചു. ഹോട്ട് സ്പ്രിങ്‌സ് മേഖലയിലെ പട്രോളിങ് പോയിന്റ് 14 , പട്രോളിങ് പോയിന്റ് 15 എന്നിവിടങ്ങളില്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ചതുടങ്ങുംമുമ്പാണ് ചൈനയുടെ ഈ പിന്മാറ്റം. ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ചൈനീസ് പ്രതോധവിദഗ്ധന്‍ രംഗത്തെത്തിയരുന്നു.