പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതിയില്‍ അയര്‍ലന്‍ഡിലെ സര്‍ക്കാര്‍ ജീവനക്കാര്‍; പൊതുജനങ്ങള്‍ ജോലിയില്‍ തൃപ്തരല്ലെന്നു സൂചന

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പൊതുജനങ്ങള്‍ തങ്ങളുടെ സേവനത്തെ അംഗീകരിക്കുന്നില്ലെന്നു സര്‍ക്കാര്‍ ജീവനക്കാരില്‍ 81 ശതമാനവും വിശ്വസിക്കുന്നതായി പഠന റിപ്പോര്‍ട്ട്. 19 ശതമാനം മാത്രമാണ് പൊതുജനങ്ങള്‍ തങ്ങളുടെ സേവനത്തിനു മതിയായ വില നല്‍കുന്നുണ്ടെന്നു വിശ്വസിക്കുന്നത്. അയര്‍ലന്‍ഡിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ അധികൃതര്‍ പുറത്തു വിട്ടത്.
15 ശതമാനം മാത്രമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ തങ്ങളുടെ ജോലിയെയും സേവനത്തെയും അംഗീകരിച്ചു മതിയായ വില നല്‍കുന്നുണ്ടെന്നു വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളില്‍ നിന്നു മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും ഇവര്‍ കരുതുന്നു. രാജ്യത്തെ 92 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും തങ്ങള്‍ ചെയ്യുന്ന ജോലി ഏറ്റവും മികച്ചതാണെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവും മികച്ച സേവനം തന്നെയാണ് തങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നതെന്നാണ് ഇവരുടെ വിശ്വാസം. 78 ശതമാനം പേര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അഭിമാനിക്കുന്നതായി പറയുന്നു. 73 ശതമാനം പേര്‍ ജോലിക്കാര്യത്തില്‍ ഏറെ ആത്മാര്‍ത്ഥതയോടെയും ആവേശത്തോടെയുമാണ് സമീപിക്കുന്നത്.
എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ 52 ശതമാനം പേരും വിശ്വസിക്കുന്നു തങ്ങള്‍ക്കു മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന്. 27 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തില്‍ തൃപ്തി പ്രകടിപ്പിക്കുന്നത്. ബാക്കിയുള്ള ആളുകള്‍ ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തെപ്പറ്റി അഭിപ്രായം പറയാന്‍ തയ്യാറല്ലാത്ത ആളുകളാണ്. എന്നാല്‍, സ്വകാര്യ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കുന്നത് നല്ല ശമ്പളമാണെന്നാണ് 25 ശതമാനം ആളുകള്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ 53 ശതമാനം പേര്‍ക്ക് എതിര്‍ അഭിപ്രായമാണുള്ളത്. എന്നാല്‍, പൊതുവായ സാഹചര്യങ്ങളില്‍ 42 ശതമാനം ജീവനക്കാര്‍ തൃപ്തി പ്രകടിപ്പിക്കുന്നവരുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2015 ലെ സിവില്‍ സര്‍വീസ് എംപ്ലോയീ എന്‍ഗേജ്‌മെന്റ് സര്‍വേ അനുസരിച്ചു സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇപ്പോള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍വേ നടത്തുന്നത്.

Top