ലണ്ടന്‍ :യൂറോപ്പിൽ ഇറ്റലിയ്ക്കു ശേഷം കൊറോണ വൈറസ് അതിവേഗം പടരുന്ന രാജ്യമായി ബ്രിട്ടന്‍ മാറുന്നു. ഇന്നലെ മാത്രം 33 പേര്‍ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 177 ല്‍ എത്തി. രാജ്യമാകമാനം പുതിയ 643 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിക്കുകയും മൊത്തം രോഗബാധിതരുടെ എണ്ണം 3269 ആകുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മരിച്ചവരുടെ കൂട്ടത്തില്‍ 47 വയസുകാരി ഉള്‍പ്പെട്ടതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ഇരയായി ഇവര്‍ മാറി.പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേർക്കും. എന്നാൽ യധാർഥ സംഖ്യ അരലക്ഷത്തിനു മേലെയാണെന്നാണ് സർക്കാർ വൃത്തങ്ങൾ തന്നെ അനൗദ്യഗികമായി സമ്മതിക്കുന്നത്.
യുകെയില്‍ ഇതുവരെ മരിച്ച 144 പേരില്‍ 135 പേരും ഇംഗ്ലണ്ടിലുള്ളവരാണ്. സ്കോട്ട്ലന്‍ഡില്‍ വ്യാഴാഴ്ച മൂന്ന് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. യുകെയില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി തലസ്ഥാനം മാറുകയാണ്. എങ്കിലും നഗരം അടച്ച് പൂട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ . രാജ്യം നേരിടുന്ന മഹാവിപത്തിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നിരക്കായ 0.1 ശതമാനത്തിലേക്ക് താഴ്ത്തി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പലിശ നിരക്ക് ഇത്തരത്തില്‍ താഴ്ത്തിയിരിക്കുന്നത്.
കൊറോണ ബാധിച്ച് ആശുപത്രികളിലെത്തിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം പെരുകുന്നതിനാല്‍ അടുത്തിടെ റിട്ടയര്‍ചെയ്ത ഡോക്ടര്‍മാരെയും നഴ്സുമാരെയും അനുബന്ധ ജീവനക്കാരെയും തിരിച്ച് വിളിച്ച് ജീവനക്കാരുടെ ക്ഷാമം നികത്തുന്നതിനായി എന്‍എച്ച്എസ് ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ റിട്ടയര്‍ ചെയ്തിരിക്കുന്ന 65,000ത്തോളം മുന്‍നഴ്സുമാരോടും ഡോക്ടര്‍മാരോടും തിരിച്ച് വരാനാണു ആവശ്യപ്പെട്ടിരിക്കുന്നത്.
20,000 സൈനികരെ സുസജ്ജമാക്കിയിട്ടുണ്ട്. വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനം തടയാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നു പ്രധാനമന്ത്രി സൂചിപ്പിച്ചു. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാത്തരം നടപടികളും അനിവാര്യമാണെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും, പബ്ബുകള്‍, സിനിമകള്‍, റെസ്റ്റൊറന്റ് എന്നിവിടങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതും ഉള്‍പ്പെടെയുള്ള ഒഴിവാക്കുകയും വേണം.
9 മില്ല്യണ്‍ ജനസംഖ്യയുള്ള തലസ്ഥാനത്ത് ഈ ആഴ്ചാവസാനം തന്നെ അടച്ചപൂട്ടല്‍ പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരം സൂപ്പര്‍ സ്പ്രഡിംഗ് നടത്തുന്നതായാണ് അധികൃതര്‍ വിലയിരുത്തുന്നത്. ബ്രിട്ടീഷ് തെരുവുകളിലും, ആശുപത്രികളിലും, മറ്റ് സുപ്രധാന ഇടങ്ങളിലും നിയോഗിക്കാന്‍ 20,000 സൈനികരെയാണ് സൈനിക മേധാവികള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളത്. ആശുപത്രികളിലേക്ക് ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിച്ചെത്തിക്കാനുള്ള പരിശീലനവും ഇവര്‍ നേടുന്നുണ്ട്. സപ്ലൈ എത്തിക്കാന്‍ ഹെലികോപ്ടറുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.
ഔദ്യോഗിക ഉപദേശങ്ങള്‍ നിരാകരിക്കുന്നത് മറ്റുള്ളവരെ കൂടി കുഴപ്പത്തിലാക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കൊറോണ ഭയാനകമായി പടരുമ്പോള്‍ ലണ്ടന്‍ നിവാസികള്‍ ഇതൊന്നും പരിഗണിക്കാതെ സാധാരണ രീതിയില്‍ പബ്ബുകളിലും, ക്ലബ്ബുകളിലും, റെസ്റ്റൊറന്റുകളിലും എത്തുന്നതിന് പുറമെ ജോലിക്കായി യാത്ര ചെയ്യുന്നതും തുടരുന്നുണ്ട്.
സ്ഥിതിഗതികൾ പെട്ടെന്ന് അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചു ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിങ്ങനെ എല്ലായിടത്തും ഒരേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാനാണു തീരുമാനം. നോർത്തേൺ അയർലൻഡിൽ ഇന്നലെത്തന്നെ സ്കൂളികൾ അടച്ചു. ഈ അധ്യയനവർഷം ഒരു സ്കൂളിലും പരീക്ഷകൾ ഉണ്ടാകില്ല. ജിസിഎസ്ഇ, എ ലെവൽ കുട്ടികളുടെ പരീക്ഷ റദ്ദാക്കിയാലും തുടർപഠനത്തിന് ആവശ്യമായ ക്വാളിഫിക്കേഷൻ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. ഡോക്ടർമാർ, നഴ്സുമാർ, പൊലീസ്, ഡെലിവറി ജീവനക്കാർ, തുടങ്ങിയ കീ വർക്കർമാരുടെ കുട്ടികളെ സ്കൂളിൽതന്നെ പകൽസമയം സംരക്ഷിക്കുന്നതിന് നടപടിയുണ്ടാകും. സ്പെഷൽ സംരക്ഷണം ആവശ്യമുള്ള കുട്ടികളെയും സ്കൂളുകളിൽ പകൽസമയം സംരക്ഷിക്കും.