അബുദാബി:പ്രവാസികൾക്ക് വീണ്ടും ആശങ്ക നൽകി കോവിഡ് 19 ബാധയെ തുടർന്ന് മലയാളി അധ്യാപകൻ വി. അനിൽകുമാർ(49) യുഎഇയിൽ മരണപ്പെട്ടു. ഇന്ന് (ഞായറാഴ്ച) പുലർച്ച 3.30 നു അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു അന്ത്യം.
അബുദാബി മുസഫ സൺറൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്‌കൂൾ ഹിന്ദി അധ്യാപകനായ അനിൽ കുമാർ കണ്ണൂർ പാനൂർ സ്വദേശിയാകുന്നു. ഭാര്യ രജനി അതേ സ്‌കൂളിലെ അധ്യാപികയുമാകുന്നു. അബുദാബി കേരള സോഷ്യൽ സെന്റർ അംഗവും ശക്തി തിയറ്റേഴ്സ്റ്റിന്റെ സഹയാത്രികനുമായ അനിലിന്റെ മക്കൾ നിരഞ്ജന(14), ശ്രീനിധി(9) സൺറൈസ് സ്‌കൂളിൽ എട്ടിലും രണ്ടിലും പഠിക്കുന്നു.
അതേസമയം യുഎഇയിൽ വെള്ളിയാഴ്ച അരലക്ഷവും, ശനിയാഴ്ച 39,000 വും കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതിൽ നിന്നും വെള്ളിയാഴ്ച 994 ഉം ശനിയാഴ്ച 812 ഉം പുതിയ കേസുകൾ കണ്ടെത്തി. രാജ്യത്ത് കോവിഡ് ടെസ്റ്റുകൾ വ്യാപകവും, വിപുലവുമായ രീതികളിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
നിലവിൽ യുഎഇയിലെ രോഗബാധിതരായവരുടെ എണ്ണം 28,704 ആണ്. വെള്ളിയാഴ്ച നാലുപേരും, ശനിയാഴ്ച ച മൂന്നു പേരും കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് മൂലം ഇതുവരെ മരിച്ചവർ 244 പേരാണ്. അതേസമയം 1043 പേർ വെള്ളിയാഴ്ച രോഗവിമുക്തി നേടുകയും, 697 പേർ ശനിയാഴ്ച രോഗവിമുക്തി നേടുകയും ചെയ്തു. ഇതോടെ യുഎഇയിൽ വൈറസ് ബാധയിൽ നിന്ന് വിമുക്തി നേടിയവരുടെ എണ്ണം 14,495 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള വലിയ ശ്രമത്തിലാണ് സർക്കാർ.
രാജ്യത്ത് താമസിക്കുന്ന വിദേശികളടക്കമുള്ളവരെ ഉൾപ്പെടുത്തി വിപുലമായ വളണ്ടിയർ സേന കോവിഡിനെ പ്രതിരോധിക്കാൻ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുകയും, രോഗത്തെ തോൽപ്പിക്കാൻ ഒറ്റക്കെട്ടായി നിന്ന് പൊരുത്തണമെന്നും അധികാരികൾ ജനങ്ങളെ ഓർമിപ്പിച്ചു.