റിയാദ്∙ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് സൗദിയില്‍ കൂടുതൽ മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. അബഹയിലെ ആശുപത്രിയിലുള്ള 30 പേരെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയതായി സൂചന. വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചവരില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് നടപടി.മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് നഴ്സുമാർ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി.
അബഹയിലെ അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്.മറ്റു മൂന്നു മലയാളി നഴ്സുമാരെ നേരത്തെ നിരീക്ഷണത്തിലായിരുന്നു. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് നഴ്സിനെ പരിചരിച്ച നഴ്സുമാരാണു രോഗ ബാധിതരായത്.
ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന പുതിയ വൈറസ് ബാധ വിദേശത്തേക്കും വ്യാപിച്ചു. ചൈനയിൽ മാത്രം 17 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ഇതിനകം ആയിരക്കണക്കിനു പേരിൽ പടർന്നെന്നു സംശയിക്കപ്പെടുന്നു. ലോകാരോഗ്യസംഘടന വൈറസ് ബാധയെപ്പറ്റി മുന്നറിയിപ്പ് നൽകി.