ദുബൈ ടൂറിന് ഇന്ന് തുടക്കം

ദുബൈ: മൂന്നാമത് ‘ദുബൈ ടൂര്‍’ സൈക്കിളോട്ട മത്സരത്തിന് ബുധനാഴ്ച തുടക്കമാകും. ഫെബ്രുവരി ആറുവരെ നീളുന്ന മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍ മാര്‍ക് കാവന്‍ഡിഷ് ഉള്‍പ്പെടെ 128 അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്്. മത്സരത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി മിന സിയാഹി ബീച്ച് റിസോര്‍ട്ടില്‍ നടന്നു.
നാലുഘട്ടങ്ങളാണ് മത്സരം സംവിധാനിച്ചിരിക്കുന്നത്. ഇതാദ്യമായി ഫുജൈറയിലെ മലനിരകളും തീരപ്രദേശങ്ങളും മത്സരത്തിന് വേദിയാകും. ആദ്യഘട്ടമാണ് ഇവിടെ നടക്കുക. 179 കിലോമീറ്റര്‍ നീളുന്ന ആദ്യഘട്ടത്തിലെ വിജയികള്‍ക്ക് ഫുജൈറ ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. നാലിന് ദുബൈ ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ളബ് മുതല്‍ അറ്റ്ലാന്‍റിസ് ഹോട്ടല്‍ വരെ 188 കിലോമീറ്ററാണ് രണ്ടാംഘട്ടം. അഞ്ചിന് നടക്കുന്ന മൂന്നാംഘട്ടം 172 കിലോമീറ്ററാണ്.
137 കിലോമീറ്റര്‍ അവസാനഘട്ടത്തിന്‍െറ സമാപനം ആറിന് ബിസിനസ് ബേയിലാണ്. ലോകത്തെ പ്രമുഖ സ്പോര്‍ട്സ് ചാനലുകളും ദുബൈ സ്പോര്‍ട്സ് ചാനലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

 

Top