ഉന്നത വിദ്യാഭ്യാസത്തിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കാനാവാതെ വിദ്യാര്‍ഥികള്‍: 80 ശതമാനവും ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നില്ല: ആശങ്കയോടെ ഉന്നത വിദ്യാഭ്യാസ മേഖല

ഡബ്ലിന്‍: രാജ്യത്ത് കണക്കുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളില്‍ ഏറെയും ആദ്യ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍. 80 ശതമാനം വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസം നേടാന്‍ എത്തിയ ശേഷം ആദ്യം വര്‍ഷം തന്നെ പഠന അവസാനിപ്പിച്ചു മടങ്ങുകയാണെന്നാണ് ഹയര്‍ എഡ്യുക്കേഷന്‍ അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ അകാരണമായി കൊഴിഞ്ഞു പോകുന്നതിനെ ആശങ്കയോടെയാണ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ നോക്കികാണുന്നത്.
2012 നും 2014 നും ഇടയില്‍ ഏതാണ്ട് 6500 കുട്ടികളാണ് ഇത്തരത്തില്‍ ആദ്യ വര്‍ഷം തന്നെ പഠനം അവസാനിപ്പിച്ചു മടങ്ങിയത്. ഒന്നാം വര്‍ഷം കോളജില്‍ ചേരുന്ന ആറില്‍ ഒരു കുട്ടി പഠനം പൂര്‍ത്തിയാക്കുന്നില്ലെന്നും ഹയര്‍ എഡ്യുക്കേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിനായി വിദ്യാര്‍ഥികളെ ആവശ്യത്തിനു ലഭിക്കാത്തതും പ്രശ്‌നമാകുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വെറും മൂന്നു ശതമാനം മാത്രമാണ് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്കുള്ളത്. എന്നാല്‍, ആരോഗ്യ മേഖലയിലേയ്ക്കു എത്തുമ്പോള്‍ ഇത് പത്ത് ശതമാനമായി വര്‍ധിക്കുന്നു. കണ്‍സ്ട്രക്ഷനും ഇതുമായി ബന്ധപ്പെട്ട മേഖലയിലുമാണ് ഏറ്റവും അധികം കൊഴിഞ്ഞു പോക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 28 ശതമാനമാണ് ഈ മേഖലയില്‍ ആദ്യ വര്‍ഷം തന്നെ കൊഴിഞ്ഞ പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം.
സേവന മേഖലയില്‍ 27ഉം, കംപ്യൂട്ടര്‍ മേഖലയില്‍ 23 ഉം, സിവില്‍ എന്‍ജിനീയറിങ് മേഖലയല്‍ 25 ഉം ശതമാനം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മറ്റ് എല്ലാ മേഖലകളില്‍ നിന്നുമായി 16 ശതമാനമാണ് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ പോക്ക്.

Top