അഡ്രസ് ഹോട്ടലിലെ തീപ്പിടിത്തത്തിന്‍െറ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

ദുബൈ: പുതുവര്‍ഷത്തലേന്ന് ദുബൈ ഡൗണ്‍ടൗണിലെ ‘ദ അഡ്രസ്’ ഹോട്ടലിലുണ്ടായ വന്‍ തീപ്പിടത്തത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടത്തെി. കെട്ടിടത്തിന് വര്‍ണശോഭ പകരാന്‍ ഉപയോഗിച്ച ഒരു സ്പോട്ട്ലെറ്റാണ് 63 നിലയുള്ള പഞ്ചനക്ഷത്ര ഹോട്ടലിനെ തീയില്‍ മുക്കിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
14,15 നിലകള്‍ക്കിടയിലെ  സ്ഥാപിച്ച വിളക്കിന്‍െറ കേബിളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദുബൈ പൊലീസിന്‍െറ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി വകുപ്പിലെ ഫോറന്‍സിക് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി അഹ്മദ് മുഹമ്മദ് അഹ്മദ് പറഞ്ഞു. ദുബൈ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ ആരുടെയെങ്കിലും വീഴ്ചയോ സംശയിക്കത്തക്ക കാര്യങ്ങളോ ഇല്ളെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. അതുകൊണ്ട് തന്നെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഡിസംബര്‍ 31ന് രാത്രി സമീപത്തെ ബുര്‍ജ് ഖലീഫയിലും പരിസരത്തും പുതുവര്‍ഷ ആഘോഷം നടക്കാനിരിക്കെയാണ് ദുബൈ മുഴുവന്‍ ആശങ്കയിലാക്കി ദ അഡ്രസില്‍ തീയാളിക്കത്തിയത്. ദുബൈ സിവില്‍ ഡിഫന്‍സും പൊലീസും മറ്റു അധികൃതരും നടത്തിയ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഹോട്ടലിനകത്തുണ്ടായിരുന്നവരെ മുഴുവന്‍ രക്ഷിക്കാനായി. പുക ശ്വസിച്ച് 16 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തത്.

Top