വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കു ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നു സര്‍ക്കാര്‍; ഇന്‍ഷ്വറന്‍സ് കമ്പനികളും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ പാതയില്‍

ഡബ്ലിന്‍: രാജ്യത്തു നിന്നു മികച്ച രീതിയില്‍ വരുമാനം കണ്ടെത്തിയ എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും പ്രകൃതി ദുരന്തത്തിലും വെള്ളപ്പൊക്കത്തിലും കെടുതികള്‍ നേരിടുന്ന അയര്‍ലന്‍ഡ് ജനതയ്ക്കു സഹായം നല്‍കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി എന്‍ഡാ കെനി അടക്കമുള്ള മന്ത്രിമാരും സര്‍ക്കാരും രംഗത്ത്. അപകടത്തില്‍പ്പെട്ടവര്‍ക്കും, വെള്ളപ്പൊക്കത്തില്‍ നാശ നഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ സഹായം നല്‍കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ അധികൃതര്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിം അനുവദിക്കണമെന്നു നേരത്തെ തന്നെ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കമ്പനികള്‍ ഇതിനു തയ്യാറല്ലെന്നു അറിയിച്ചതോടെയാണ് സര്‍ക്കാരും കമ്പനികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇതുവരെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏതാണ്ട് 260 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 230 വീടുകള്‍ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയില്‍ തന്നെ തുടരുകയുമാണ്. പരിസ്ഥിതി വിഭാഗം നടത്തിയ പഠനത്തിലാണ് വീടുകളുടെ അപകടാവസ്ഥ കണ്ടെത്തിയത്.
എന്നാല്‍, മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണ് ഇപ്പോഴത്തെ പ്രകൃതി ദുരന്തത്തിനു കാരമണെന്ന ആരോപണമാണ് ഇപ്പോള്‍ ഒരു വശത്ത് ഉയരുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനികളാണ് ഇത്തരത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ വീടുകള്‍ വെയ്ക്കാന്‍ അനുമതി നല്‍കിയത് ഈ സര്‍ക്കാരുകളാണെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഉയര്‍ത്തുന്ന വാദം. വെള്ളപ്പൊക്കം തടയാന്‍ വേണ്ട നടപടികള്‍ ഈ സര്‍ക്കാരുകള്‍ക്കു സാധിച്ചിട്ടില്ലെന്നു കമ്പനികള്‍ കുറ്റപ്പെടുത്തുന്നു.
വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തങ്ങള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പറയുന്നത്. എന്നാല്‍, തങ്ങള്‍ പരിരക്ഷ ഏര്‍പ്പെടുത്താത്ത സ്ഥലങ്ങളിലാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കമ്പനി അധികൃതര്‍ കൃത്യമായി വിശദീകരിക്കുന്നു. ഇതോടെ വെള്ളപ്പൊക്കത്തില്‍ നാശ നഷ്ടം നേരിട്ടവരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.

Top