സൗദിയിലേയും കുവൈത്തിലേയും പ്രവാസികള്‍ക്ക് പണി പോകുമെന്ന് പുതിയ പഠനം.നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് സൂചന .ശക്തമായ സ്വദേശിവത്കരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന രാജ്യം വരും വർഷങ്ങളിലും ഇതേരീതി തുടരുമെന്നും അതുമൂലം നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പുതിയ പഠനവും വ്യക്തമാക്കുന്നത്. സ്കില്‍ഡ്, സെമി-സ്കില്‍ഡ് തൊഴില്‍ മേഖലകളില്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പ് വരുത്താനാണ് സൗദി അറേബ്യയും കുവൈറ്റും ശ്രമിക്കുന്നത്.
താമസിയാതെ തന്നെ ഈ രണ്ട് രാജ്യങ്ങളും പ്രവാസികൾ കൈകാര്യം ചെയ്യുന്ന സ്കില്‍ഡ്, സെമി-സ്കില്‍ഡ് ജോലികളിലേക്ക് സ്വന്തം പൌരന്മാർക്ക് നിർബന്ധിത സംവരണം ഏർപ്പെടുത്തുമെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സ്കില്‍ഡ്, സെമി-സ്കില്‍ഡ് തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് യഥാക്രമം നെതർലാൻഡിലെ ഗ്രോനിംഗൻ സർവകലാശാലയിലെ ഗ്രോനിംഗൻ ഗ്രോത്ത് ആൻഡ് ഡെവലപ്‌മെൻ്റ് സെൻ്റർ ഫാക്കൽറ്റി അബ്ദുൾ എ എരുമ്പനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
ഉയർന്ന നൈപുണ്യമുള്ള ജോലികളില്‍ പൂർണ്ണമായും സ്വന്തം പൗരന്മാരെ നിയമിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കും. എന്നാല്‍ ഇത് അനിശ്ചിതമായി നീളുമെന്ന് വിലയിരുത്താനാകില്ല. തൊഴിലാളി ക്ഷാമം നേരിടുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജി സി സി രാജ്യങ്ങളില്‍ ഇപ്പോഴും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ വർദ്ധിച്ച് വരുന്നുണ്ട്. ഈ സാഹര്യത്തില്‍ ജി സി സി രാജ്യങ്ങളിലേക്ക് ധാരാളം തൊഴിലാളികളെത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ പഠനമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്കുള്ള വേതനം സ്വദേശി തൊഴിലാളികളേക്കാൾ വളരെ കുറവാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. സ്വദേശികളേക്കാൾ ഉയർന്ന ഉൽപ്പാദനക്ഷമത പ്രകടിപ്പിക്കുന്നത് കുടിയേറ്റ തൊഴിലാളികളാണ്. വേതനവും ഉൽപ്പാദനക്ഷമതയും തമ്മിലുള്ള ഈ വ്യത്യാസം കുടിയേറ്റക്കാരും സ്വദേശികളും തമ്മിൽ തൊഴിൽ ചെലവിൽ വലിയ വ്യത്യാസം വരുത്തുന്നു.
ഈ സാഹചര്യത്തില്‍ സ്വദേശികളേക്കാള്‍ കുടിയേറ്റക്കാരെ നിയമിക്കാനാണ് തൊഴില്‍ ഉടമകള്‍ താല്‍പര്യപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം തന്നെ മറ്റൊരു മോശം വാർത്ത യു എ ഇയില്‍ നിന്നും വരുന്നുണ്ട്. ഐടി അടക്കം 14 മേഖലകളില്‍ സ്വദേശി വത്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് യു എ ഇ. ഈ മേഖലകളില്‍ ഡിസംബർ 31ന് മുൻപ് നിയമനം പൂർത്തിയാക്കിയില്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി.