സൗദിയില്‍ പൊതുമാപ്പ് രണ്ടാഴ്ച കൂടി; മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യന്‍ എംബസി

റിയാദ്: സൗദിയില്‍ പൊതുമാപ്പിന്റെ കാലാവധി ഈ മാസം 25 ന് അവസാനിക്കാനിരിക്കേ അനധികൃത താമസക്കാര്‍ക്കു മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യന്‍ എംബസി. എംബസിയെയോ കോണ്‍സുലേറ്റിനെയോ സൗദിയില്‍ വിവിധയിടങ്ങളിലായുള്ള 21 സെന്ററുകളെയോ ഔട്ട്പാസിനായി സമീപിക്കാം. സൗദി അതോറിറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് എക്‌സിറ്റ് വീസ അനുവദിക്കും. റിയാദില്‍ മലാസ് ജവാസാത്ത്, സുമേഷി ജവാസാത്ത് എന്നീ കേന്ദ്രങ്ങളില്‍ പ്രവൃത്തി ദിവസങ്ങളില്‍ 24 മണിക്കൂറും എക്‌സിറ്റ് വീസ സേവനം ലഭിക്കും.

മൂന്നരലക്ഷം നിയമലംഘകര്‍ ഇതിനകം സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി പാസ്പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ദൈഫുല്ല അല്‍ ഹുവൈഫി അറിയിച്ചു. പൊതുമാപ്പ് ഈ മാസം 25-ന് അവസാനിക്കും. നിയമലംഘകരായ മുഴുവന്‍ വിദേശികളും രാജ്യം വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 3.45 ലക്ഷം നിയമലംഘകര്‍ പുറത്തുപോവാനുള്ള അനുമതി നേടിയതായി അദ്ദേഹം പറഞ്ഞു. നിയമ ലംഘകരായ വിദേശികള്‍ എത്രയുംവേഗം അനുമതി നേടണം. ഇതിനായി രാജ്യത്തെ 13 പ്രവിശ്യകളിലും പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. റംസാനില്‍ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളില്‍ നിയമ ലംഘകര്‍ക്ക് സേവനം ലഭ്യമാമാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ച് 29-നാണ് സൗദിയില്‍ 90 ദിവസത്തെ പൊതുമാപ്പ് ആരംഭിച്ചത്. ശിക്ഷയില്ലാതെ മടങ്ങാനുള്ള അവസരം മുഴുവന്‍ പേരും പ്രയോജനപ്പെടുത്തണമെന്നും മേജര്‍ ജനറല്‍ ദൈഫുല്ല അല്‍ഹുവൈഫി പറഞ്ഞു. പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ മടങ്ങിവരാന്‍ അവസരമുണ്ട്. എന്നാല്‍ പൊതുമാപ്പില്‍ രാജ്യംവിടാതെ കഴിയുന്ന നിയമ ലംഘകരെ മടങ്ങി വരാന്‍ അനുവദിക്കില്ല. ഇവരുടെ വിരലടയാളം രേഖപ്പെടുത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുമെന്നും പാസ്പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പൊതുമാപ്പ് കഴിയുന്നതോടെ രാജ്യത്ത് ശക്തമായ റെയ്ഡുകള്‍ ആരംഭിക്കും. സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന വിദേശികളെ നാടുകടത്തും. ഇവര്‍ പിഴയും തടവും ശിക്ഷ ലഭിക്കുമെന്നും പാസ്പോര്‍ട്ട് വകുപ്പ് അറിയിച്ചു.

Top