ഐഎസിനെ സഹായിച്ച യുവാവിനെ നാടുകടത്തുന്നു; നാടുകടത്തുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍

ഡബ്ലിന്‍: ഐഎസുമായി ബന്ധമുള്ള ആളുകളെ സഹായിച്ചതായി കണ്ടെത്തിയ അയര്‍ലന്‍ഡ് സ്വദേശിയെ രാജ്യത്തു നിന്നു നാടുകടത്താന്‍ ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ നവംബറിലാണ് യുവാവിനെ നാടുകടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നു കണ്ടെത്തിയ യുവാവിനെ രാജ്യത്തു നിന്നു പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച യുവാവ് നാടുകടത്തലിനെതിരെ സ്റ്റേവാങ്ങുകയായിരുന്നു. നവംബറിലുണ്ടായ നാടുകടത്തില്‍ തീരുമാനത്തിനെതിരെ കഴിഞ്ഞ ആഴ്ചയാണ് യുവാവ് സ്റ്റേവാങ്ങിയത്.
മധ്യപൂര്‍വ ദേശക്കാരനായ യുവാവ് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലേറെയായി തന്റെ കുടുംബവുമായി അയര്‍ലന്‍ഡില്‍ താമസിക്കുകയാണ്. ഇയാള്‍ക്കു ഐറിഷ് പൗരത്വമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അന്‍പതുകാരനായ പ്രതിക്കു ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നും, ഐഎസ് പ്രവര്‍ത്തകരെ ഇയാള്‍ സഹായിക്കുന്നതായും രാജ്യത്തെ ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയിരുന്നത്. രാജ്യത്തിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തി ഇയാളെ നാടുകടത്തുകയാണ് നല്ലതെന്ന ഉപദേശമാണ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയത്. ഇതേ തുടര്‍ന്നു ഇയാള്‍ക്കെതിരെ വിചാരണ നടത്തി കുറ്റം തെളിയിച്ച ശേഷം സര്‍ക്കാര്‍ നാടുകടത്തുകയായിരുന്നു.
രാജ്യത്ത വിവിധ സ്ഥലങ്ങളില്‍ ഐഎസിന്റെ പ്രവര്‍ത്തകരെ സഹായിച്ച പ്രതി, രാജ്യത്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തതായും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഐഎസിന്റെ പ്രധാന പ്രവര്‍ത്തന മേഖലകളായ ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും ഇയാള്‍ യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Top