കേരളത്തിന്റെ മദ്യനയം അന്താരാഷ്ട്രതലത്തിൽ മാതൃകയെന്ന് ആഗോള മദ്യവർജന സമിതി മുൻ അധ്യക്ഷൻ ഡെറിക് റൂഥർഫോർഡ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിന്റെ മദ്യനയം അന്താരാഷ്ട്രതലത്തിൽ മാതൃകയാകുകയാണെന്ന് ആഗോള മദ്യവർജന സമിതി മുൻ അധ്യക്ഷനും ഇപ്പോഴത്തെ ഉപദേഷ്ടാവുമായ ഡെറിക് റൂഥർഫോർഡ്. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കാൻ ബുദ്ധിമുട്ട് ഏറെയാണ്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഇതു സാധ്യമാണ്. മദ്യവർജ്ജനം കൊണ്ട് മാത്രം മദ്യ ഉപഭോഗം നിയന്ത്രിക്കാൻ കഴിയില്ല. മദ്യത്തിനെതിരെ നിയമനിർമ്മാണവും ബോധവൽക്കരണവും ആവശ്യമാണ്. വിദ്യാസമ്പന്നമായ കേരളം പോലെയുള്ള സംസ്ഥാനത്ത് ഇത് ഫലപ്രദമായി നടപ്പാക്കാൻ കഴിയും. ഇക്കാര്യം തനിക്ക് ഉറപ്പുണ്ട്. മദ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ കഠിനമുള്ള ജോലിയാണ്. മദ്യലോബിയൊടാണ് ഇക്കാര്യത്തിൽ പോരാടേണ്ടത്. ലോകത്ത് മദ്യ ഉപഭോഗം കാരണം ഓരോ പത്തു സെക്കൻഡിലും ഒരാൾവീതം മരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളെയും മദ്യം ബാധിക്കുന്നു. കുടുംബ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. കുട്ടികളാണ് ഇതുസംബന്ധിച്ച് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്നത്. കേരളത്തിൽ മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റും സർക്കാരും സ്വീകരിച്ച നടപടികൾ ശ്ലാഘനീയമാണ്. ലോകത്ത് നടക്കുന്ന വിവിധ ലഹരിവിരുദ്ധ സമ്മേളനങ്ങളിൽ കേരളത്തിലെ നേട്ടം താൻ ചൂണ്ടിക്കാട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള മദ്യവർജന സമിതി മുൻ അധ്യക്ഷനും ഇപ്പോഴത്തെ ഉപദേഷ്ടാവുമായ ഡെറിക് റൂഥർഫോർഡ് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്ത് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയാണ് അദ്ദേഹം സുധീരനെ സന്ദർശിച്ചത്. മദ്യത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് സ്വീകരിക്കുന്ന ശക്തമായ നിലപാടുകളെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന്റെ വിശദാംശങ്ങൾ കെ.പി.സി.സി പ്രസിഡന്റ് ഡെറിക് റൂഥർഫോർഡിനോട് വിശദീകരിച്ചു. ആഗോളതലത്തിൽ മദ്യനയം രൂപീകരിക്കുന്നതിന് നേതൃപരമായ പങ്കുവഹിക്കുന്ന ഡെറിക് റൂഥർഫോർഡിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. അടുത്ത പത്തു വർഷത്തിനുള്ളിൽ സമ്പൂർണ മദ്യനിരോധനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സുബോധം ഐകോൺ 2016’ ഡെറിക് റൂഥർ ഫോർഡിന്റെ സാന്നിധ്യം പ്രയോജനം ചെയ്യും. മദ്യനയം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന നിർദ്ദേശങ്ങൾ ഡെറിക് റൂഥർഫോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നതായും സുധീരൻ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് എത്തിയ ഡെറിക് റൂഥർ ഫോർഡിനെ ഷാളണിയിച്ചാണ് വി.എം.സുധീരൻ സ്വീകരിച്ചത്. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗം തടയുന്നത് സംബന്ധിച്ച് നയം ചർച്ചചെയ്യുന്നതിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സുബോധം ഐകോൺ 2016 അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡെറിക് റൂഥർ ഫോർഡ് തിരുവനന്തപുരത്ത് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top