അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പ്രതീക്ഷ നഷ്ടമായതായി ഇടതു തൊഴിലാളി സംഘടനയായ എസ്‌ഐപിടിയു. തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെങ്കിലും അധികാത്തിൽ എത്താൻ സാധിക്കുമോ എന്നു പ്രതീക്ഷയില്ലെന്ന നിലപാടിലാണ് ഇപ്പോൾ തൊഴിലാളി സംഘടനയായ എസ്‌ഐപിടിയു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതു പാർട്ടികൾക്കു വിജയപ്രതീക്ഷയില്ലെന്നു ഇപ്പോൾ യൂണിയൻ പ്രഖ്യാപിച്ചതോടെയാണ് പാർട്ടിയുടെ പ്രതിസന്ധി സംബന്ധിച്ചുള്ള നിലപാടുകൾ പുറത്തായത്. രാജ്യത്തെ കുത്തകകാരിൽ നിന്നും രക്ഷിക്കാൻ ഇടതു പാർട്ടികൾക്കു നിർണായക പിൻതുണ ലഭിക്കാൻ രാജ്യത്തെ ലേബർ പാർട്ടിയ്ക്കു വോട്ട് ചെയ്യണമെന്ന സന്ദേശമാണ് തൊഴിലാളി യൂണിയൻ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സാമ്പത്തിക അടിയന്തരാവസ്ഥ കാലത്ത് പൊതുമേഖലയിൽ നിന്നു എടുത്തു കളഞ്ഞ രണ്ടു ബില്ല്യണിന്റെ പേ ക്ലെയിം പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ ഫിന്നാ ഫെയിൽ നടത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പൊതുമേഖലയിൽ സർക്കാർ രണ്ടു ബില്യൺ യൂറോയുടെ ഫിനാൻഷ്യൽ കട്ട് നടത്തിയിരുന്നു. ഫൈൻ ഗായലും ഫിന്നാ ഫെയിലും തങ്ങളുടെ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ഇതു ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ യൂണിയനുകൾ ആകാംഷാകുലരായിരുന്നു. ഇവർ ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങൾ നിരന്തരം അധികൃതരോടു ഉന്നയിക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.