ലിവർപൂൾ നഗരം മാർത്തോമാ ശ്ലീഹായുടെ ദുക്‌റാന തിരുന്നാളിനായി അണിഞ്ഞൊരുങ്ങി; ജൂലൈ രണ്ടിനായി കാത്ത് മലയാളി സമൂഹം; തിരുന്നാൾ ലിവർപൂളിലെ ഡിലാ സാലെ അക്കാദമിയിൽ

സ്വന്തം ലേഖകൻ

ലിവർപൂൾ: യുകെയിലെ ലിവർപൂളിൽ ഭാരതത്തിന്റെ അപ്പസ്‌തോലനും യേശുവിന്റെ ഊർജസ്വലനായ ശിഷ്യൻ എന്നറിയപ്പെടുന്നവനുമായ മാർത്തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാൾ മഹാമഹത്തിനായി എല്ലാ ഒരുക്കങ്ങളും നടക്കുന്നു. ലിവർപൂൾ അതിരൂപതയിലെ സേക്രട്ട് ഹാർട്ട് എസ്എംസി കമ്മ്യൂണിറ്റി ലിവർപൂൾ വിസ്റ്റൻ സെന്റ് മേരീസ് എസ്എംസി കമ്മ്യൂണിറ്റി വാഷിംങ്ടൺ, സെന്റ് ഫ്രാൻസിസ് അസീസി എസ്എംസി കമ്മ്യൂണിറ്റി വീഗൻ സെന്റ് ഹെലൻസ് കമ്മ്യൂണിറ്റി, സൗത്ത് പോർട്ട് കമ്മ്യൂണിറ്റി എന്നിവയിലെയും ഇതര സമൂഹങ്ങളിലെയും മലയാളികൾ ഒത്തൊരുമയോടെയും ഭക്തിനിർഭരമായും ആഘോഷിക്കുന്ന തിരുന്നാൾ, ജൂലൈ രണ്ടാം തീയതി ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെ ലിവർപൂളിലെ ക്രോക്‌സെത്തിൽ സ്ഥിതി ചെയ്യുന്ന ഡി ലാ സാലെ അക്കാദമിയിൽ വച്ച് നടക്കും. തിരുന്നാളിന്റെ വിജയത്തിനായി ജനറൽ കൺവീനർ ശ്രീ ജേക്കബ് തച്ചിലിന്റെ നേതൃത്വത്തിൽ ലിറ്റർജി മ്യൂസിക്, ലൈറ്റ് ആൻഡ് സൗണ്ട്, പ്രൊസെഷൻ, ഡക്കറേഷൻ, ഫിനാൻസ്, ഫുഡ്, പ്രോഗ്രാം കോർഡിനേഷൻ, ട്രാൻസ്‌പോർട്ടേഷൻ, സ്‌റ്റേജ് പബ്ലിസിറ്റി, റിസപ്ഷൻ, വോളന്റിയേഴ്‌സ് തുടങ്ങിയ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
ജൂൺ 29 ബുധനാഴ്ച 6.15 നു യുകെ മലയാളികൾ പ്രാർഥനയോടെ കാത്തിരിക്കുന്ന വിഖ്യാതമായ ലിവർപൂൾ ദുക്‌റാന തിരുന്നാളിന്റെ കൊടിയേറ്റ്, ദിവ്യബലി എന്നിവ സെന്റ് ലിയോ ചർച്ചിൽ (ലികേർസ് ലൈൻ വിസ്റ്റൻ ) വച്ച് സീറോ മലബാർ ചാപ്ലെയിൻ റവ.ഫാ.ജിനോ അരിക്കാട്ട് നിർവഹിക്കും. ജൂലൈ രണ്ടാം തീയതി പ്രധാന തിരുന്നാൾ ദിനത്തിൽ ഡി ലാ സാലെ അക്കാദമി ഹാളിൽ വച്ച് രാവിലെ പത്തിനു അഭിവദ്യ പിതാക്കൻമാർക്കും വൈദികർക്കും സന്യസ്തർക്കും വർണശഭളമായ സ്വീകരണം നൽകും. തുടർന്നുള്ള പ്രസുദേന്തി വാഴ്ചയ്ക്കു ശേഷം 10.30 നു അത്യാഘോഷപൂർവമായ പൊന്തിഫിക്കൽ കുർബാനയ്ക്കു തുടക്കമാവും. ഭദ്രാവതി രൂപതയുടെ മേലധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് അരുമച്ചാടത്ത് തിരുന്നാൾ കുർബാനയിൽ മുഖ്യകാർമ്മികനാവുമ്പോൾ ലിവർപൂൾ ആർച്ച് ബിഷപ്പ് മാർ മാൽക്കം മക്മഹൻ തിരുന്നാൾ സന്ദേശം നൽകും. അതിരൂപതയിലും ചുറ്റുമുള്ള വൈദികരും സന്യസ്തരും മുഴുവൻ ദൈവജനവും ചേർന്ന് അർപ്പിക്കുന്ന ആഘോഷമായ സമൂഹബലി ഈ തിരുന്നാളിനെ ഭക്തി സാന്ദ്രമാക്കുന്നു. ലിവർപൂൾ അതിരൂപതയിലെ പ്രശസ്തരായ ഗായകർ അണിചേർന്ന ക്വയർ സംഘം ആലപിക്കുന്ന തിരുന്നാൾ ഗീതങ്ങൾ ഭക്തരുടെ മേൽ ദൈവകൃപയും വരദാന ഫലങ്ങളും ചൊരിയുമെന്നതിൽ സംശയമില്ല.
ദിവ്യബലിയെ തുടർന്നു ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിനു തുടക്കമാവും. വി. തോമാശ്ലീഹായുടെയും പരിശുദ്ധമാതാവിന്റെയും വി.ചാവറ കുര്യാക്കോസ് എല്യാസച്ചന്റെയും വി.അൽഫോൺസാമ്മയുടെയും വി.ഏവുപ്രാസമ്യയുടെയും തിരുസ്വരൂപങ്ങൾ വഹിച്ച്, പഞ്ചവാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന പ്രദക്ഷിണത്തിൽ പൊന്നിൻകുരിശും മുത്തുക്കുടകളും കൊടിതോരണങ്ങളും അണിനിരക്കും. പൗരാണികതയിൽ ഊനി ഭക്തിനിർഭരമായി നീങ്ങുന്ന തിരുന്നാൾ പ്രദക്ഷിണം, തിരികെ വരുമ്പോൾ സമാപന ആശിർവാദം നടക്കും. ഇതേ തുടർന്നു ഏവർക്കും വിശുദ്ധന്റെ നേർച്ച ഭക്ഷണം നൽകുന്നതാണ്. കൂടാതെ രുചികരമായ ഭക്ഷണ പാനീയങ്ങൾക്കുള്ള സ്റ്റാളുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്.
ഉച്ചയ്ക്കു ശേഷം 2.30 പൊതുസമ്മേളനം. തുടർന്നു വിവിധ കലാകാരൻമാരെ അണിനിരത്തി കലാസായാഹ്നം. തുടർന്നു സീറോമലബാർ സഭയുടെ കാത്തലിക് കമ്മ്യൂണിറ്റി അവതരിപ്പിക്കുന്ന സാമൂഹിക സാംസ്‌കാരിക നാടകം കൈരളി നഴ്‌സിങ് ഹോം നടക്കും.

 

Top