അഭയാര്‍ഥികള്‍ക്കു സംരക്ഷണം: കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ പ്രത്യേക സമ്മേളനം പ്രസിഡന്റ് വിളിച്ചു ചേര്‍ക്കുന്നു

ഡബ്ലിന്‍: രാജ്യത്തെത്തുന്ന രാജ്യാന്തര അഭയാര്‍ഥികള്‍ക്കു അഭയം നല്‍കുന്ന കാര്യത്തില്‍ പുതിയ നിയമവും സംരക്ഷണ ചട്ടങ്ങളും പാസാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് മൈക്കിള്‍ ഡി.ഹിഗ്ഗിന്‍സ് സ്റ്റേറ്റ് കൗണ്‍സിലിന്റെ യോഗം വിളിച്ചു ചേര്‍ത്തു. യോഗം അടുത്തയാഴ്ച ചേര്‍ന്ന് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ബില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയോ, സുപ്രീം കോടതിയ്ക്കു അയച്ചു നല്‍കുകയോ ചെയ്യുമെന്നു കൗണ്‍സില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് എത്തുന്ന അഭയാര്‍ഥികളുടെ അപേക്ഷകള്‍ പ്രൊട്ടക്ഷന്‍ പ്രോസസില്‍ കുരുങ്ങിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടിക്രമങ്ങള്‍ക്കു വേഗം കൂട്ടുക, അഭയാര്‍ഥികള്‍ക്കു ഡയറക്ട് പ്രൊവിഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുക, ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷനായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും സ്റ്റേറ്റ് ഓഫ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്‌ക്കെത്തുക.
അഭയാര്‍ഥികള്‍ക്കു രാജ്യത്തു പ്രവേശനം നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഏകജാലക അപേക്ഷ സിസ്റ്റം രാജ്യത്ത് താമസിക്കാന്‍ ഉദ്ദേശിക്കുന്ന അഭയാര്‍ഥികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധനയും, തീരുമാനവും ഒരൊറ്റ വേദിയില്‍ വച്ചു തന്നെ സ്വീകരിക്കാന്‍ പര്യാപ്തമായ രീതിയിലാണ് അഭയാര്‍ഥികള്‍ക്കു പുതിയ സംവിധാനം ഏര്‍പ്പെടുത്തി നല്‍കിയിരിക്കുന്നത്.

Top