അരേിക്കയിലെ മയാമി കോറൽ സ്പ്രിംഗ്‌സിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സായ പിറവം സ്വദേശിനി മെറിൻ ജോയി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഫിലിപ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റൽ നഴ്സാണ് മെറിൻ. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പാർക്കിംഗ് ഗൗണ്ടില്‍ വച്ചാണ് ആക്രമണം നടന്നത്. പതിനേഴ് തവണയാണ് മെറിന് കുത്തേറ്റത്. കുത്തേറ്റ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയും ചെയ്തു.
മെറിനും ഭർത്താവും കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇപ്പോൾ ജോലി ചെയ്യുന്ന കോറൽ സ്പ്രിങ്സിൽ നിന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകാൻ മെറിൻ തീരുമാനിച്ചിരുന്നു. ജോലിയിൽ നിന്ന് പിരിയാനായി നോട്ടീസും നൽകിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഫ്ലോറിഡയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് താമസിക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കവെയാണ് കൊലക്കത്തിയുമായി ഭർത്താവ് എത്തിയത്.
മെറിന്‍റെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തനിക്കൊരു കുഞ്ഞുണ്ടെന്നായിരുന്നു ആ യുവതി അവസാനമായി കരഞ്ഞു പറഞ്ഞതെന്നാണ് ബഹളം കേട്ടെത്തിയ സഹപ്രവർത്തകർ പറയുന്നത്. ഇവരിലൊരാളാണ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച മാത്യുവിന്‍റെ വാഹനത്തിന്‍റെ ചിത്രം പകർത്തിയത്. ഈ ചിത്രം വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയതും.
കഴിഞ്ഞ രണ്ട് വർഷമായി ബ്രോവാർഡ് ആശുപത്രിയിൽ ജോലി ചെയ്യുകയാണ് മെറിൻ. ഈ വേർപാടിൽ ഹൃദയം തകരുന്ന വേദനയുണ്ടെന്നാണ് ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചത്. ‘അവർ ഞങ്ങളുടെ കുടുംബാംഗമായിരുന്നു.. ഈ നിമിഷത്തെ വേദന വിവരിക്കാനാകില്ല.. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നു’ അനുശോചന കുറിപ്പിൽ പറയുന്നു.