അമ്മയുടെ ചിത്രത്തിൽ ഉമ്മ കൊടുത്ത് നോറ അമ്മയെ അവസാനമായി ഒന്നുകൂടി കണ്ടു.മെറിന്റെ മൃതദേഹം സംസ്കരിച്ചു.

ഫ്ലോറിഡ :ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ (27) സംസ്കാരശുശ്രൂഷകൾ യുഎസിലെ റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടന്നു. ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിലായിരുന്നു സംസ്കാരം.ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്.

പൊതു ദർശനവും ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടിൽ അച്ഛൻ ജോയി, അമ്മ മേഴ്സി, മകൾ നോറ എന്നിവരും ബന്ധുക്കളും കണ്ടു.അകലത്തിരുന്ന് കുഞ്ഞു നോറ അമ്മയെ അവസാനമായി ഒന്നുകൂടി കണ്ടു. എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തിൽ ഉമ്മ കൊടുക്കുമ്പോഴും ആ രണ്ടു വയസ്സുകാരിക്ക് എന്താണു സംഭവമെന്ന് മനസ്സിലായില്ല. ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രാർഥനകൾ സാക്ഷിയാക്കി മെറിന്റെ സംസ്കാരം നടന്നു.

സംസ്കാര ശുശ്രൂഷകൾക്കു മുന്നോടിയായി സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിഡിയോ വഴി അനുശോചന സന്ദേശം അറിയിച്ചു. അമേരിക്കയിലെ സംസ്കാര ചടങ്ങിനു മുൻപ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ പ്രത്യേക പ്രാർഥന നടന്നു.

Top