പിറന്നാൾ കുർബാനക്ക് പകരം ഒപ്പീസ് ആയി!.ഭർത്താവിന്റൽ നിന്നും മുഖത്ത് ഇടിച്ചും അടിച്ചും ക്രൂരതയേറ്റുവാങ്ങി !മെറിന്‍ അനുഭവിച്ചത് നിരന്തര പീഡനം.മെറിന്റെ മൃതദേഹം അടുത്താഴ്ച കൊണ്ടുവരും

കൊച്ചി: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം അമേരിക്കൻ സമയം, ഞായറാഴ്ച വൈകിട്ടോടെ ബ്രൊവാഡ്‌ ഹോസ്പിറ്റലിനു സമീപം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു നാട്ടിൽ എത്തിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ ഒരു പിറന്നാളുകാരിക്കു വേണ്ടി ഇന്നലെ കുർബാന പറഞ്ഞേൽപ്പിച്ചിരുന്നു. എന്നാൽ അതു മരണ ദിവസത്തെ ഒപ്പീസ് ആയി മാറി. മെറിൻ ജോയിയുടെ ജന്മദിനമായിരുന്നു ഇന്നലെ. ഇടവക ദേവാലയമായ തിരുഹൃദയപ്പള്ളിയിൽ കുർബാന ചൊല്ലാൻ മെറിന്റെ പിതാവും അമ്മയും ഏർപ്പാടാക്കിയിരുന്നു. ഊരാളിൽ വീട്ടിൽ മെറിന്റെ ഫോട്ടോയ്ക്കു മുന്നിൽ രണ്ടു മെഴുകുതിരികൾ മുഴുവൻ സമയവും കത്തിക്കൊണ്ടിരുന്നു.

പിറന്നാൾ കേക്കിനു മുന്നിൽ മെഴുകുതിരികൾ തെളിയേണ്ട ദിവസമായിരുന്നു ഇന്നലെ.മെറിൻ മണവാട്ടിയായി ഊരാളിൽ വീടിന്റെ പടിയിറങ്ങിപ്പോയതും 4 വർഷം മുൻപ് ഇതേ ദിനത്തിലായിരുന്നു. മെറിന്റെ പിതാവ് ജോയിയും അമ്മ മേഴ്സിയും അനുജത്തി മീരയും സങ്കടങ്ങൾ ഉള്ളിലൊതുക്കി വീട്ടിലുണ്ട്. മെറിനെ അവസാനമായി ഒരു നോക്കു കാണാൻ കാത്തിരിക്കുകയാണ് അവർ. ഒന്നുമറിയാതെ മെറിന്റെ രണ്ടു വയസ്സുകാരി മകൾ നോറ ഓടിക്കളിച്ചു നടക്കുന്നു.വിദേശത്തെ നഴ്സുമാർ സാധാരണ ഗതിയിൽ സുരക്ഷിതരാണെന്നു ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രഫ. റോയ് കെ.ജോർജ്. വിദേശത്തേക്കു പോകുന്ന നഴ്സുമാരോട് എല്ലാം അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നു പ്രത്യേകം പറയാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെറിന്റെ മൃതശരീരം അടുത്ത ആഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാൻ ശ്രമം. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അമേരിക്കയിലെ എംബസിയുമായി ബന്ധപ്പെട്ട ശേഷം ഇന്നലെ രാവിലെ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. മുരളീധരന്‍ ഇന്നലെ മോനിപ്പള്ളിയിലെ വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു. എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സെല്ലുമായി ബന്ധപ്പെട്ടു നടപടി ആരംഭിച്ചെന്നു തോമസ് ചാഴികാടൻ എംപി പറഞ്ഞു. മെറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാഡ്‌ ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്നു മെറിൻ (27). ഭർത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ–34) അറസ്റ്റിലാണ്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ.

ഫിലിപ് മാത്യുവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ വകുപ്പാണ് പൊലീസ് ചുമത്തിയത്. ഫിലിപ്പിന്റെ കയ്യിൽ നിന്നു കത്തിയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ഹോസ്പിറ്റലിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കാർ പാർക്കിങ്ങിൽ വച്ചു ഫിലിപ് മെറിനെ ‌കുത്തുകയായിരുന്നു. കുത്തേറ്റു വീണ മെറിന്റെ ദേഹത്തു കാർ കയറ്റുകയും ചെയ്തെന്നു ദൃക്‌സാക്ഷികൾ പറയുന്നു. ജീവനൊടുക്കാൻ ശ്രമിച്ച ഇയാളെ ഹോട്ടൽ മുറിയിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്ന് കള്ളം പറഞ്ഞാണ് നെവിന്‍ മെറിനെ വിവാഹം ചെയ്തത്.സ്ഥിരമായി ജോലി ഇല്ലാത്തതിനെത്തുടര്‍ന്ന് നെവിനെ അപകര്‍ഷതാബോധം പിടികൂടി. അമേരിക്കയിലെ മലയാളി കുടുംബങ്ങളുടെ ഒത്തുകൂടലില്‍ നിന്നും നെവിന്‍ വിട്ടുനില്‍ക്കാന്‍ കാരണവും ഇതായിരുന്നു.

പഠനത്തില്‍ സമര്‍ത്ഥയായിരുന്ന മെറിന്‍ ബംഗളുരു സെന്റ് ജോണ്‍സില്‍നിന്ന് ബി.എസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയശേഷം ഐ.എല്‍.ടി.എസ് ആദ്യ പരീക്ഷയില്‍തന്നെ ഉയര്‍ന്ന പോയിന്റോടെ പാസായി. തുടര്‍ന്ന് സ്റ്റുഡന്റ്സ് വിസയില്‍ കാനഡയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്.ഹോട്ടല്‍ മാനേജ്മെന്റ് ബിരുദമുണ്ടെന്നും ചിക്കാഗോയില്‍ ഗ്യാസ് സ്റ്റേഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്നുമാണു വിവാഹസമയത്തു പറഞ്ഞിരുന്നത്.

എന്നാല്‍ ചെറിയ ശമ്പളമാണു നെവിന് ലഭിച്ചിരുന്നത്. ഇതോടെ ചിക്കാഗോയിലെ ജോലി ഉപേക്ഷിച്ച് മെറിന്റെ ബന്ധുവിന്റെ ഉടമസഥതയിലുളള ഗ്യാസ് സ്റ്റേഷനില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.മെറിനുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ ഈ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ നെവിനും മെറിനും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെ വന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ ബന്ധുക്കള്‍ പറഞ്ഞു.

മെറിന്റെ സഹപ്രവര്‍ത്തകരായ മലയാളി നഴ്‌സുമാരുടെ കുടുംബങ്ങളുടെ കൂടിച്ചേരലുകളില്‍ നിന്ന് എന്നും വിട്ടു നിന്ന നെവിന്‍ ആദ്യമൊക്കെ മെറിന് പോകാന്‍ അനുവാദം നല്‍കുമായിരുന്നെങ്കിലും പിന്നീട് അത് വിലക്ക്. നെവിന്റെ ശാരീരികാക്രമണം കൂടിവന്നതോടെ ഇരുവരും കൂടുതല്‍ അകന്നു.മെറിനെ കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് സ്വയം കുത്തി മരിക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് നെവിനെ പിടികൂടുന്നത്.ഭര്‍ത്താവാണ് അക്രമിച്ചതെന്ന് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. അക്രമത്തിന് പിന്നാലെ പോലീസെത്തി മെറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ മെറിനെ ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയായില്‍വെച്ചാണ് ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി നെവിന്‍ എന്ന ഫിലിപ്പ് മാത്യു (34) കാറിന് മറഞ്ഞിരുന്ന് കുത്തിയത്. 17 കുത്തേറ്റു. തുടര്‍ന്ന് ഫിലിപ്പ് സ്വന്തം വാഹനം രണ്ട് തവണ മെറിന്റെ ശരീരത്തുകൂടി ഓടിച്ചുകയറ്റുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഹോട്ടല്‍ മുറിയില്‍ എത്തി കൈ മുറിച്ചുകിടന്ന ഫിലിപ്പിനെ പോലീസ് പിടികൂടിയിരുന്നു. ജീവപര്യന്തം തടവ് കിട്ടാവുന്ന ശിക്ഷയാണ് ഫിലിപ്പിന്റെ പേരില്‍ പോലീസ് ചേര്‍ത്തിരിക്കുന്നത് എന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. ഇതിനിടെ മെറിന്റെ മരണമൊഴി പുറത്തു വന്നു. ഭര്‍ത്താവാണ് തന്നെ കുത്തിയതെന്ന് മൊഴിയിലുണ്ട്.

വിവാഹ ശേഷം 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണു ജോയിക്കും മേഴ്സിക്കും മെറിൻ പിറന്നത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കു കാട്ടിയ മെറിൻ സ്വന്തം ഇഷ്ടത്തിനാണു നഴ്സിങ് പഠനം തിരഞ്ഞെടുത്തത്.നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു മെറിൻ. ഏറെ ആഘോഷത്തോടെയാണു മെറിനെ വിവാഹം ചെയ്ത് അയച്ചതും. വിവാഹ ജീവിതത്തിൽ മെറിൻ ഏറെ കഷ്ടപ്പെട്ടതായി അമ്മ മേഴ്സി പറയുന്നു. ഭർത്താവ് മെറിനെ ഉപദ്രവിക്കുന്നതു നേരിൽക്കണ്ടിട്ടുണ്ടെന്നും അമ്മ പറഞ്ഞു.മകൾ നോറ ജനിച്ച സമയത്തു പരിചരണത്തിനായി മേഴ്സി യുഎസിൽ പോയിരുന്നു. അന്നും ഫിലിപ്പിന്റെ പെരുമാറ്റം പലപ്പോഴും വളരെ പരുഷമായിരുന്നു. മെറിന്റെ നേരെ ദേഹോപദ്രവം കൂടിയപ്പോൾ അവിടെ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് പരിശോധനയിൽ ഫിലിപ്പിന്റെ സോക്‌സിനുള്ളിൽ നിന്നു കത്തി കണ്ടെത്തി. പിന്നീട് കേസ് ഒത്തുതീർക്കുകയാണു ചെയ്തത്. ഫിലിപ്പിനൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണു മെറിൻ ശ്രമിച്ചിരുന്നതെന്നും മേഴ്സി പറഞ്ഞു.

കഴിഞ്ഞ ക്രിസ്മസിന്റെ തലേ ദിവസം മെറിനും പിതാവും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയിരുന്നു. ഡിസംബർ 19നു നോറയുമായി നാട്ടിലെത്തിയ ഫിലിപ്പും മെറിനും ചങ്ങനാശേരിയിൽ ഫിലിപ്പിന്റെ വീട്ടിലായിരുന്നു. ഇവിടെവച്ചു മുഖത്ത് ഇടിയേറ്റതോടെയാണു മെറിൻ പരാതി നൽകാൻ തയാറായത്. എന്നാൽ പിന്നീട് ഇതും പരസ്പരം സംസാരിച്ച് ഒത്തുതീർത്തതായി ബന്ധുക്കൾ പറയുന്നു. ഇതിനുശേഷമാണു മെറിൻ വിവാഹമോചനത്തിനായി ഏറ്റുമാനൂരിലെ കുടുംബക്കോടതിയെ സമീപിച്ചത്.ഈ വർഷം ജനുവരി 12ന് ഒരുമിച്ച് യുഎസിലേക്കു മടങ്ങാനായാണ് ഇരുവരും എത്തിയത്. എന്നാൽ പുതുവൽസര ദിനത്തിൽ ഫിലിപ്പ് തിരിച്ചുപോയി. ഇനി വൈകിയാൽ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ജനുവരി 29നു മെറിനും മടങ്ങി. നോറയെ മോനിപ്പള്ളിയിലെ വീട്ടിൽ നിർത്തിയിട്ടാണു മെറിൻ പോയത്. അന്നാണു മെറിനെ വീട്ടുകാർ അവസാനമായി കണ്ടതും. കേസ് കൊടുത്തതിനാൽ സൂക്ഷിക്കണമെന്ന് അന്നേ പറഞ്ഞിരുന്നതായും മേഴ്സി ഓർക്കുന്നു.

 

Top