വനിതാ സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ച് തലമുടി മുറിച്ച സി പി എം നടപടി അപലനീയം : ദമ്മാം ഒ ഐ സി സി

ദമ്മാം:തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് സി പി എമ്മിനെതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സതി കുമാരിയെ അമരവിളയില്‍ വച്ച് സി പി എം ഗുണ്ടകള്‍ മര്‍ദ്ദിച്ചവശയാക്കിയ ശേഷം തലമുടി മുറിച്ചെടുത്ത സംഭവം രാഷ്ട്രീയ കേരളത്തിന് അപമാനകരമാണ്. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ കാണിക്കുന്ന അസഹിഷ്ണുതയുടെ നേര്‍രൂപമാണ് കേരളത്തില്‍ സി പി എം കാണിക്കുന്നത്. തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയ എതിരാളികളെ ശാരീരികമായി വകവരുത്തുകയെന്ന ശൈലി ഉപേക്ഷിക്കുവാന്‍ കേരളത്തിലെ സി പി എം തയ്യാറല്ല. ആക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി പി എം ഗുണ്ടകളെ വിപ്ലവ നായകന്മാരാക്കി മാറ്റുന്ന സി പി എം സമീപനമാണ് ഫസല്‍ വധക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന കാരായി ചന്ദ്രശേഖരനെയും കാരായി രാജനെയും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ നിര്‍ത്തി വിജയിപ്പിച്ചെടുത്തത്.

കാരായിമാര്‍ക്കുള്ള അംഗീകാരം സി പി എമ്മിലെ അക്രമകാരികള്‍ക്കുള്ള പ്രോത്സാഹനമാണെന്ന് അമരവിള സംഭവം സാധൂകരിക്കുന്നു. ഇതിനെതിരെ മതേതര ജനാധിപത്യ ശക്തികള്‍ ശക്തമായി പ്രതികരിക്കണമെന്ന് ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഒരു വനിതയെന്ന പരിഗണന പോലും നല്‍കാതെ സി പി എം ഗുണ്ടകള്‍ സതികുമാരിയെ മര്‍ദ്ദിച്ചവശയാക്കിയത് കേരളീയ സമൂഹത്തിനാകെത്തന്നെ നാണക്കേടാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും നടക്കാത്ത ക്രൂരതയും കാടത്തവുമാണ് മര്‍ദ്ദിച്ചവശയാക്കിയ ശേഷം സതികുമാരിയുടെ മുടി മുറിച്ച് മാറ്റിയതിലൂടെ വെളിവാകുന്നത്. വൃന്ദാ കാരാട്ട് പോലുള്ള സി പി എമ്മിന്‍റെ വനിതാ നേതാക്കള്‍ക്ക് സ്ത്രീ ശാക്തീകരണത്തില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടി നടത്തിയ ഈ ക്രൂരതക്കെതിരെ പ്രതികരിക്കണം. വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം ഉപേക്ഷിക്കാത്ത സി പി എം ശൈലിക്കെതിരെ കേരളത്തിലെ ജനാധിപത്യ മതേതര സാംസ്ക്കാരിക സമൂഹം അണിനിരക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ.സലിം, തിരുവനതപുരം ജില്ലാ കമ്മിറ്റി പ്രസിഡണ്ട്‌ അഡ്വ:നൈസാം നഗരൂര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top