ഒഎൻവിക്ക് അബുദാബി മലയാളികളുടെ പ്രണാമം: മലയാള ഭാഷയേയും സാഹിത്യത്തേയും ഒഎൻവി പ്രകാശപൂരിതമാക്കി പ്രൊഫ. വി. മധുസൂദനൻ നായർ

അബുദാബി : മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടിക്കൊടുക്കുന്നതിനു അഹോരാത്രം പ്രയത്‌നിച്ച മഹാകവി ഒഎൻവി മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും മുന്നോട്ടേയ്ക്കുള്ള പ്രയാണം സുഗമമാക്കുകയായിരുന്നുവെന്ന് പ്രൊഫ. വി. മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു.
ഒഎൻവിയുടെ വേർപാടിൽ അബുദാബി കേരള സോഷ്യൽ സെന്റർ, ശക്തി തിയറ്റേഴ്‌സ്, യുവകലാസാഹിതി എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഓൺലൈൻ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകവി ഒഎൻവി നമ്മെ വിട്ടുപോയത് മലയാള ഭാഷയേയും സാഹിത്യത്തേയും ഇരുട്ടിലാക്കിക്കൊണ്ടല്ല, പ്രകാശപൂരിതമാക്കിക്കൊണ്ടാണ്. അദ്ദേഹം സമ്മാനിച്ച കവിതകളിലും ഗാനങ്ങളിലും മലയാള ഭാഷയ്ക്ക് സമ്മാനിച്ച പ്രകാശത്തിന്റെ വെളിച്ചത്തിലായിരിക്കും ഇനി നാം മുന്നോട്ട് പോകുകയെന്നും ചൂണ്ടിക്കാട്ടി.
ഒരു ജനതയുടെ ആശയും ആശയങ്ങളും അഭിലാഷങ്ങളും കവിതയിലൂടെ അവതരിപ്പിക്കുകയും അതേ സമയം മധുരമനോഹരമായ ഭാഷ സൂക്ഷിക്കുകയും ചെയ്ത ഒഎൻവി മലയാളികൾക്കെന്നും ഗുരുവും പിതാവും സഖാവുമായിരുന്നു. എന്തിലും ഏതിലും സൗന്ദര്യം കാണാ ണുവാനും സ്വാതന്ത്ര്യത്തെ അറിയുവാനും അന്യ ദു:ഖത്തിൽ കണ്ണുനിറയുവാനും അനീതിക്കെതിരെ ശബ്ദിക്കുവാനും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഒഎൻവി പ്രതിഭാ ഫൗണ്ടേഷന്റെ ഡയറക്ടർ കൂടിയായ വി. മധുസൂദനൻ നായർ തുടർന്നു പറഞ്ഞു.
ഒഎൻവിയുടെ കവിതകളും സംഗീതവും നിറഞ്ഞുനിന്ന ശ്രുതിമധുരമായ അന്തരീക്ഷത്തിൽ സെന്റർ അങ്കണത്തിൽ സംഘടിപ്പിച്ച അനുശോചനയോഗം അക്ഷരാർത്ഥത്തിൽ അക്ഷരാർത്ഥത്തിൽ അബുദാബി മലയാളികളുടെ അക്ഷരപൂജയായ് മാറി. അബുദാബിയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ കവിക്ക് പ്രമാണമർപ്പിക്കുന്നതിനായി സെന്റർ അങ്കണത്തിലെത്തി.
സെന്റർ പ്രസിഡന്റ് എൻ.വി. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി റഷീദ് പാലക്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സെന്റർ ജനറൽ സെക്രട്ടറി മധു പരവൂർ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് കെ.ടി.ഹമീദ്, യുവകലാസാഹിതി പ്രസിഡന്റ് എം. സുനീർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, കൈരളി ടിവി കോർഡിനേറ്റർ കെ. ബി. മുരളി, നാസർ വിളഭാഗം, സഫറുള്ള പാലപ്പെട്ടി, വക്കം ജയലാൽ, അഭിലാഷ് പുതുക്കാട്, ജാഫർ കുറ്റിപ്പുറം, എ. കെ. ബീരാൻ കുട്ടി, കെ. കെ. ശ്രീ പിലിക്കോട്, ബാബുരാജ് തിരുവാഴിക്കാട്, ജി. ആർ. ഗോവിന്ദ്, ഒ. ഷാജി, സിന്ധു ജി. നമ്പൂതിരി, ചിത്ര എസ്. നമ്പ്യാർ എന്നിവർ ഒഎൻവിയുടെ കവിതകൾ ചൊല്ലിയും ഗാനങ്ങൾ ആലപിച്ചും അനുഭവങ്ങൾ പങ്കു വെച്ചും കവിയുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചു.
അനുശോചനയോഗത്തിൽ ഒഎൻവിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും അദ്ദേഹത്തെ കുറിച്ച് ആനുകാലിക വാർത്താമാധ്യമങ്ങളിൽ വന്ന ഫീച്ചറുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.

 

Top