ലണ്ടന്‍: മുസ്ലീമെന്നാരോപിച്ച് മുംബൈയില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ചാവക്കാട് സ്വദേശി ആസിഫ് ബഷീറിന് നീതി ലഭ്യമക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധസമരം യു.കെയിലും അരങ്ങേറി. ഇതോടെ ദേശിയതലത്തില്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റിന് നാണക്കേടായ സംഭവം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിയ്ക്കുകയാണ്.യുകെയിലെ ബ്രഹ്മിംഗ്ഹാമിലെ ഇന്ത്യന്‍ എംബസിയ്ക്ക് മുന്നിലും ലണ്ടനിലെ ഇന്ത്യന്‍ ജനറല്‍ കൗണ്‍സിലേറ്റിന് മുന്നിലും ആണ് പ്രതിഷേധം നടന്നത്. യുകെയിലുള്ള ഇന്ത്യക്കാര്‍ക്ക് പുറമേ വിദേശികളും സമരത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. മുബൈ പോലീസ് ലോകമാകമാനമുള്ള പോലീസ് സേനകള്‍ക്ക് നാണക്കേടാണ് എന്ന തരത്തിലാണ് യുകെയിലെ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടില്‍ ബഷീറിന്റെ മകന്‍ ആസിഫ് ബഷീര്‍(20)റാണ് ഈ മാസം 16 നാണ് മുംബൈ പോലിസിന്റെ ക്രൂര മര്‍ദ്ദനത്തിരയായത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് മുംബൈയിലെ ബാന്ദ്രയില്‍ ബന്ധുക്കളുടെ കൂടെ കഴിയുകയാണ് ആസിഫ്. ബാന്ദ്ര മാഹിമില്‍ പിതാവിന്റെ സഹോദരങ്ങളുടെ കൂടെ കഴിയുന്ന ആസിഫ്, സുഹൃത്തും ബാന്ദ്ര സ്വദേശിയുമായ ദാനിശുമായി വെള്ളിയാഴ്ച രാത്രിയില്‍ ബാന്ദ്രയ്ക്കടുത്ത് ബാബ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള സഹോദരന്റെ ഭാര്യയെ സന്ദര്‍ശിച്ച് ബൈക്കില്‍ മടങ്ങി വരുമ്പോഴാണ് പോലീസ് പിടിച്ചുകൊണ്ടുപോയത്.
ഇരുവരെയും മുബൈ പോലീസ് തടഞ്ഞു നിര്‍ത്തുകയും പാകിസ്താനികളല്ലേ എന്ന് ചോദിക്കുകയും ചെയ്തതായി പറയുന്നു. അല്ല എന്ന് മറുപടി നല്‍കിയ ഇവരെ നിങ്ങള്‍ മുസ്ലിങ്ങളല്ലേ എന്ന് പറഞ്ഞു സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ഇരുവരെയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. ആസിഫിനെ എട്ടോളം പോലീസുകാര്‍ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. കൈകള്‍ കെട്ടിയിട്ടും, തലകീഴായി തൂക്കിയുമായിരുന്നു മര്‍ദ്ദനം. ഗുരതര പരുക്കേറ്റ ആസിഫ് ഇപ്പോഴും മുംബൈയിലെ ബാബാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനിടെ ആസിഫ് ബഷീറിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രശ്‌നത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടിരുന്നു. പ്രശ്‌നത്തില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിയ്ക്കാമെന്നുറപ്പ് നല്‍കിയ ഉമ്മന്‍ചാണ്ടി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസുമായി ബന്ധപ്പെട്ടിരുന്നു. ആസിഫിന് നീതി ലഭിയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ആസിഫിനെ മര്‍ദ്ദിച്ച എസ്‌ഐയ്ക്കും പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ ധര്‍ണ്ണ നടത്തിയത്.