ഖത്തറില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു. റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണപരമായ നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ വിവിധ തരം നിയന്ത്രണങ്ങളേര്‍പ്പെടുത്തുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതായി അറിയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2016 ലെ തീരുമാന പ്രകാരം ട്രാഫിക് വകുപ്പ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണറിയുന്നത്.

മാര്‍ച്ച് 20 ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് എല്ലാ ഇന്‍ഷ്യൂറന്‍സ് കമ്പനികള്‍ക്കും ഇവ്വിഷയകമായി സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. ഈ സര്‍ക്കുലര്‍ പ്രകാരം ഇനി മുതല്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് വരുന്ന 5 വര്‍ഷത്തേക്ക് എല്ലാ ആറ് മാസവും ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ പൂര്‍ത്തകിയാക്കി റോഡ് പെര്‍മിറ്റ് നേടണം. തുടര്‍ന്നുള്ള 5 വര്‍ഷങ്ങളില്‍ എല്ലാ നാലു മാസങ്ങളിലും ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ പൂര്‍ത്തിയാക്കി റോഡ് പെര്‍മിറ്റ് നേടണം. തുടര്‍ന്നുള്ള 5 വര്‍ഷങ്ങളില്‍ എല്ലാ മൂന്നു മാസങ്ങളിലും ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ പൂര്‍ത്തിയാക്കി റോഡ് പെര്‍മിറ്റ് നേടണം. 30 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് റോഡ് പെര്‍മിറ്റ് ലഭിക്കുകയില്ല.

നിലവില്‍ പുതിയ വാഹനങ്ങള്‍ക്ക് ആദ്യത്തെ മൂന്ന് വര്‍ഷത്തേക്ക് ടെക്നിക്കല്‍ പരിശോധനയൊന്നുമില്ലാതെ തന്നെ റോഡ് പെര്‍മിറ്റ് പൂതുക്കി ലഭിക്കും. തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും റോഡ് പെര്‍മിറ്റ് പുതുക്കുന്നതിന് മുന്നോടിയായി ഗവണ്‍മെന്റ് അംഗീകൃത ടെക്നിക്കല്‍ ഇന്‍സ്പെക് ഷന്‍ കമ്പനിയുടെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ഇന്‍ഷ്യൂറന്‍സും റോഡ് പെര്‍മിറ്റും പുതുക്കുവാന്‍ കഴിയും. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വര്‍ഷത്തില്‍ രണ്ടും മൂന്നൂം നാലും പ്രാവശ്യമൊക്കെ ടെക്നിക്കല്‍ പരിശോധന നടത്തി ഇന്‍ഷ്യൂറന്‍സും റോഡ് പെര്‍മിറ്റും പുതുക്കേണ്ടി വരും.

രാജ്യ പുരോഗതിയുടെ സുപ്രധാനമായ അളവുകോലാണ് പൊതുനിരത്തുകളും വാഹനങ്ങളും. വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുവാന്‍ കണിശമായ നിയമവ്യവസ്ഥകള്‍ അനിവാര്യമാണെന്ന തിരിച്ചറിവാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാമനത്തിന് പ്രേരകം. വാഹന ഗതാഗത രംഗത്ത് ഗുണപരമായ മാറ്റത്തിന് വഴിവെച്ചേക്കാവുന്ന ഈ തീരുമാനം നടപ്പാകുന്നതോടെ പഴയ വാഹന വിപണി കൂപ്പുകുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പെയര്‍ വിപണിയേയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Latest
Widgets Magazine